ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്നും ഒമ്പത് എം.എം പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ ഭാഗം കണ്ടെത്തിയ സംഭവം ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം. ക്ഷേത്രത്തിന്റെ കവാടങ്ങളിലെല്ലാം മെറ്റൽ ഡിറ്റക്ടറുകൾക്കുള്ളിലൂടെയാണ് ഭക്തരെ കടത്തിവിടുന്നത്.
എന്നിട്ടും ഈയവും ചെമ്പും ചേർത്ത് നിർമ്മിച്ച വെടിയുണ്ട കണ്ടെത്താനായില്ല. കണ്ടെത്തിയ വെടിയുണ്ട ഒമ്പത് എം.എം. പിസ്റ്റളിൽ ഉപയോഗിക്കുന്നതാണ്. പൊലീസ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇത്തരം തോക്കുകളാണ് ഉപയോഗിക്കുന്നത്. ലൈസൻസുള്ള സ്വകാര്യവ്യക്തികളും ഈ തിരകൾ ഉപയോഗിക്കാറുണ്ട്. ക്ഷേത്ര ദർശനത്തിനെത്തുന്ന പൊലീസിലെ ഉന്നതരടക്കമുള്ളവരെ സുരക്ഷാ പരിശോധനയില്ലാതെയാണ് കടത്തിവിടുന്നത്. ക്ഷേത്ര ദർശനത്തിനെത്തുന്നവരുടെ പേരുകൾ എഴുതാനായി മാത്രം ടെമ്പിൾ സ്റ്റേഷനിൽ പ്രത്യേകം രജിസ്റ്റർ തന്നെയുണ്ട്. കോടികൾ ചെലവാക്കി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിക്ടറ്ററുകളും സ്കാനറുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും തന്നെ പ്രവർത്തനക്ഷമമല്ലെന്നും പരാതിയുണ്ട്. ക്ഷേത്രം ഭണ്ഡാരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവം ഭക്തരിൽ ആശങ്കയ്ക്കും ഇടനൽകി..