താണിശ്ശേരി: ഈ മുച്ചാൺ കുറുവടിയിൽ മുഴങ്ങുന്നത് ചരിത്രമാണ്. 'പത്തും പുലയും' എല്ലാവർക്കും ആകാമെന്ന ശ്രീനാരായണ ഗുരുവേദന്റെ പ്രഖ്യാപനം പ്രാവർത്തികമാക്കാൻ യാഥാസ്ഥിതികർക്കു നേരെ ഓങ്ങിവീശിയ മുച്ചാൺ വടിയിൽ പിറന്ന താണിശ്ശേലി തല്ലിന് ഇന്നലെ നൂറ്റാണ്ടു തികഞ്ഞു. പക്ഷേ, അന്നത്തെ തല്ലിനു മുൻനിരയിൽ നിന്ന മേനേത്ത് ഐപ്പുണ്ണിയുടെ വീട്ടിൽ മുച്ചാൺ വടിയുടെ ചരിത്രത്തിന് തീരെ തെളിച്ചക്കുറവില്ല. ഐപ്പുണ്ണിയുടെ പേരമകൻ അഡ്വ. എം.കെ. അശോക് ബാബുവിന് വയസ്സ് 76 പിന്നിട്ടെങ്കിലും പഴയ വടി കൈയിലെടുക്കുമ്പോൾ ഓർമ്മകളിൽ താണിശ്ശേരി തല്ലിന്റെ വീര്യം വീശിനിറയും.
പത്തും പുലയും ആചരിക്കാനുള്ള അവകാശം ബ്രാഹ്മണർക്കു മാത്രമായിരുന്ന പഴയ കാലം. ജാതിയിൽ നീചത്വം കല്പിക്കപ്പെട്ടിരുന്നവർക്ക് പുല ആചരിക്കാൻ 16 മുതൽ 64 വരെ ദിവസം. ഇതു ചോദ്യം ചെയ്താണ് പത്തും പുലയും ബ്രാഹ്മണർക്കു മാത്രമല്ല, എല്ലാവർക്കും ആകാമെന്ന ഗുരുവചനം. അപ്പോഴാണ് താണിശ്ശേരി മേനേത്ത് കുടുംബത്തിൽ കൊച്ചുകൃഷ്ണൻ കാരണവരുടെ മരണം.
ഗുരുദേവന്റെ സന്യസ്ത ശിഷ്യനായ സ്വാമി ബോധാനന്ദയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മേനേത്ത് ഐപ്പുണ്ണി പറഞ്ഞതനുസരിച്ച് പത്തും പുലയും ആചരിക്കാൻ ബന്ധുക്കൾ തീരുമാനിച്ചു. തടയാനെത്തിയ യാഥാസ്ഥിതികരെ ധർമ്മഭട സംഘത്തിന്റെ കരുത്തിൽ മുച്ചാൺ വടികൊണ്ട് മുന്നിൽ നിന്നു നേരിട്ടത് ബോധാനന്ദയും ഐപ്പുണ്ണിയും ഒരുമിച്ച്! മലയാള വർഷം 1095 തുലാം 27 ആയിരുന്നു അന്ന്.
കീഴ്ത്താണി, താണിശ്ശേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നെത്തിയ യാഥാസ്ഥിതികർ തല്ലിന്റെ ചൂടറിഞ്ഞ് നെട്ടോട്ടമായി. പത്തും പുലയും ആചരിക്കാൻ താണിശ്ശേരി തല്ലോടെ ഈഴവ സമുദായത്തിന് അവസരവും വന്നു. എസ്.എൻ.ഡി.പി യോഗം ഇരിങ്ങാലക്കുട യൂണിയന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിനാണ് താണിശ്ശേരി തല്ലിന്റെ നൂറാം വാർഷികാഘോഷം.
പത്തും പുലയും
പരേതരുടെ കുടുംബാംഗങ്ങൾ ആചരിക്കുന്ന ചടങ്ങുകളാണ് പുല നൂറു വർഷം മുമ്പു വരെ ബ്രാഹ്മണർക്കു മാത്രമേ പത്തു ദിവസത്തെ പുലയും പതിനൊന്നാം നാൾ പുണ്യാഹം തളിച്ചുള്ള ശുദ്ധിയും വിധിച്ചിരുന്നുള്ളൂ. ഈഴവ, നായർ സമുദായക്കാർക്ക് 16, പുലയർ ഉൾപ്പെടെയുള്ളവർക്ക് 32, മറ്റുള്ളവർക്ക് 64 ദിവസം വീതമാണ് പുല ആചരണത്തിന് വിധിച്ചിരുന്നത്. അതു മാറ്റി പത്തും പുലയും ആചരിക്കാൻ എല്ലാവർക്കും അവകാശം കൈവന്നത് താണിശ്ശേരി തല്ലോടെയാണ്.