എരുമപ്പെട്ടി: പഞ്ചായത്തിലെ കുണ്ടന്നൂർ കൊരട്ടിയാംകുന്ന് കോളനിയെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന വകുപ്പ് ഉത്തരവിട്ടതായി കുന്നംകുളം എം.എൽ.എയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി. മൊയ്തീൻ അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നതുമായ വികസനം എത്താത്ത കോളനികളെ തിരഞ്ഞെടുത്ത് വികസന പ്രവർത്തങ്ങൾ നടപ്പിലാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
216 പട്ടികജാതി കുടുംബങ്ങളുള്ള കോളനിയുടെ പിന്നാക്കാവസ്ഥ നേരിട്ട് കണ്ട് മന്ത്രി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ കൊരട്ടിയാം കുന്ന് കോളനിയെ ഉൾപ്പെടുത്താൻ പട്ടികജാതി വികസന വകുപ്പ് ഉത്തരവിട്ടത്. 50 ലക്ഷം രൂപ വരെ ചെലവ് വരുന്ന വികസന പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപെടുത്താവുന്നതാണ് കോളനി നിവാസികളുടെ യോഗം ചേർന്ന് നടപ്പിലാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പട്ടികജാതി വികസന ഡയറക്ടറേറ്റിൽ നിന്നും അംഗീകാരം നേടണം.
ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. കുന്നംകുളം മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശ്ശേരി കോളനിയുടേയും കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലശ്ശേരി പറയ കോളനിയുടെയും നിർമാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
അംബേ്കർ ഗ്രാമ വികസന പദ്ധതി
കുണ്ടന്നൂർ കൊരട്ടിയാംകുന്ന് കോളനിയിലുള്ള 216 പട്ടികജാതി കുടുംബങ്ങൾ
50 ലക്ഷം രൂപ വരെ ചെലവ് വരുന്ന വികസന പ്രവൃത്തികൾ ഉൾപ്പെടുത്തും
അംബേ്കർ പദ്ധതിയുടെ നിർമ്മാണ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിന്
പുതുശ്ശേരി, തിപ്പിലശ്ശേരി കോളനികളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ