ചാവക്കാട്: കുട്ടികൾ തദ്ദേശീയരായ കലാകാരൻമാർ, സാഹിത്യാകാരന്മാർ, ശാസ്ത്രജ്ഞർ, കായിക താരങ്ങൾ തുടങ്ങിയവരെ അവരുടെ വീടുകളിൽ പോയി പരിചയപ്പെടുക എന്ന ഉദ്ദേശത്തോടെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിക്ക് മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം.
മണത്തല സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനും, എഴുത്തുകാരനുമായ മണി ചാവക്കാടിനെ സ്‌കൂൾ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് സന്ദർശിച്ചു. സ്‌കൂൾ പ്രധാനദ്ധ്യാപകൻ എ.വി. മനോജ് കുമാർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റും വാർഡ് കൗൺസിലറുമായ ഹസീന സലിം എന്നിവർ വിദ്യാർത്ഥികൾ തയാറാക്കിയ പൂച്ചെണ്ട് നൽകിയും, പൊന്നാട അണിയിച്ചും അദ്ദേഹത്തെ ആദരിച്ചു.
അദ്ധ്യാപകമാരായ എ.എസ്. രാജു മാസ്റ്റർ, ഡെയ്‌സി, വി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് മണി ചാവക്കാട് വിദ്യാർത്ഥികൾക്ക് തന്റെ ചിത്രങ്ങളെ പ്രദർശിപ്പിച്ചു.