തൃപ്രയാർ: വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ അയിത്താചരണം അനുഭവപ്പെട്ടെന്ന് അയ്യപ്പഭക്ത സമിതി. മറ്റൊരു സംഘടനയേയും ക്ഷേത്ര മൈതാനിയിൽ ദേശവിളക്കു നടത്തുവാൻ അനുവദിക്കുന്നില്ലെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അധ:സ്ഥിതരുടെ നേതൃത്വത്തിൽ 13 വർഷമായി നടത്തി വരുന്ന ദേശവിളക്ക് ഈ വർഷവും നടത്തുന്നതിന് അനുമതി തേടി പോയ സംഘാടക സമിതിയിലെ 11 അംഗ സംഘത്തെ ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി ചെയർമാൻ ആട്ടിയിറക്കി വിട്ടു. ഇത്തവണ ക്ഷേത്ര മൈതാനിയിൽ ദേശവിളക്കു നടത്തുവാൻ മറ്റൊരു സംഘടനക്ക് അനുമതി നൽകിയെന്ന് പറഞ്ഞാണ് ചെയർമാൻ അയ്യപ്പഭക്ത സമിതിയംഗങ്ങളെ ഊട്ടുപുരയിൽ നിന്നും ആട്ടിയിറക്കിയത്. ജാതിയുടെ പേരിൽ തട്ടു തിരിച്ച് മൂന്നു ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രം കൂടിയാണ് ഈ ക്ഷേത്രം. ശങ്കരമംഗലം ദേവസ്വീ ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. അയിത്തം തിരിച്ചു കൊണ്ടുവന്ന സവർണ്ണ സംസ്‌കാരത്തിനെതിരെ ജനാധിപത്യ രീതിയിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. അധ:സ്ഥിതരുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന എല്ലാ ജനാധിപത്യ സംഘടനകളുമായി ഐക്യപ്പെട്ട് തിങ്കളാഴ്ച വാടാനപ്പള്ളിയിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്നും വാടാനപ്പള്ളി അയ്യപ്പഭക്ത സമിതി പ്രസിഡന്റ് ടി.എസ്. കുമാർജി, ജനറൽ കൺവീനർ ഗണേഷ്, വൈകുണ്ഡം ചെമ്പകത്ത്, എം.കെ. കൃഷ്ണൻകുട്ടി, ഉദയൻ മോങ്കാടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.