ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ മാസ് ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. 20 ന് അവസാനിക്കുന്ന ശുചീകരണ യജ്ഞത്തിൽ കേന്ദ്രവിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ശുചീകരണം വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് കളക്ടറേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട കടപ്പുറങ്ങളിലാണ് 'മാസ് ക്ലീനിംഗ്' പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ ഏഴ് ജില്ലകളിലെ കടപ്പുറങ്ങളിൽ മാസ് ക്ലീനിംഗും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. തൃശൂരിൽ ചാവക്കാട് ബീച്ചിനെയാണ് ശുചീകരണ പരിപാടികൾക്കായി തെരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മാസ് കാമ്പയിൻ നടത്തും. കെ.എസ്.സി.എസ്.ടി.ഇ, എം.ഒ.ഇ.എഫ്, കിൻഫ്ര എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജില്ലാ നാഷണൽ ഗ്രീൻ കോർപ്‌സും ഇതിന്റെ ഭാഗമാകും. നഗരസഭ, എൻ.ജി.സി, എക്കോ ക്ലബ്, നെഹ്‌റു യുവജന കേന്ദ്ര, സ്‌പോർട്‌സ് കൗൺസിൽ, തഹസിൽദാർ, വിദ്യാഭ്യാസ വകുപ്പ്, താലൂക്ക്, ഫിഷറീസ് വകുപ്പ്, എൻ.എസ്.എസ്, എൻ.ജി.ഒ, കടലോര ജാഗ്രത സമിതി, സാഫ്, കുടുംബശ്രീകൾ, കോളേജ് വിദ്യാർത്ഥികൾ, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ തുടങ്ങിയവരടങ്ങുന്ന ടീമുകൾ ആയിരിക്കും ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. ഓരോ ദിവസവും രണ്ടോ മൂന്നോ ടീമുകളായിട്ടാണ് ശുചീകരണം. രാവിലെ എട്ട് മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6.30 വരെയും ശുചീകരണം നടത്തും.