തൃശൂർ: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ മണിവാസകം, കാർത്തിക് എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
മാവോയിസ്റ്റ് സുരേഷിന്റെ മൃതദേഹം തിരിച്ചറിയാനെത്തിയവർ, കാർത്തികിന്റെ മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയതിനാൽ ആശുപത്രി നടപടിക്രമങ്ങൾ വൈകി. വൈകിട്ടോടെയാണ് മൃതദേഹം കൈമാറിയത്.
സുരേഷിന്റെ മുൻ ചിത്രങ്ങളും മരിച്ച് കിടക്കുന്ന കാർത്തിക്കിന്റെ ചിത്രവും തമ്മിലുള്ള സൗദൃശ്യമാണ് തർക്കത്തിനിടയാക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പ് ബന്ധുക്കളെ കാണിക്കാതിരുന്നതും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വികൃതമായതും തിരിച്ചറിയൽ ദുർഘടമാക്കി. കാർത്തിക്കിന്റെ അമ്മ മീനാക്ഷി, സഹോദരൻ മുരുകേശൻ, ഭാര്യ വാസന്തി എന്നിവർ കൂടുതൽ അടയാളങ്ങൾ ചൂണ്ടിക്കാട്ടിയതോടെ സുരേഷിന്റെ ബന്ധുക്കൾ പിന്മാറി. കനത്ത പൊലീസ് സുരക്ഷയിൽ വൈകിട്ട് അഞ്ചരയോടെ കാർത്തിക്കിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഉച്ചയ്ക്ക് മൂന്നോടെ മണിവാസകത്തിന്റെ മൃതദേഹം സഹോദരി ലക്ഷ്മിയും അവരുടെ ഭർത്താവും കുട്ടിയും ചേർന്ന് ഏറ്റുവാങ്ങി സേലം കണവായി പുത്തൂരിലേക്ക് കൊണ്ടുപോയി. മൃതദേഹം കൈമാറുന്നതിന് മുമ്പ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന, പൊതുപ്രവർത്തകരായ ഗ്രോ വാസു, ടി.കെ വാസു എന്നിവരടക്കമുള്ളവർ മോർച്ചറിക്ക് മുറിയിലെത്തി അഭിവാദ്യം അർപ്പിച്ചു.
ആംബുലൻസ് പൊലീസ് ഏർപ്പെടുത്തിയത്
മൃതദേഹങ്ങൾ പൊതുപ്രവർത്തകർ ഏർപ്പാടാക്കിയ ആംബുലൻസിൽ വാളയാർ വരെ എത്തിക്കാനും അതിനുശേഷം തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ ആംബുലൻസിലും കൊണ്ടുപോകാനായിരുന്നു മുൻ തീരുമാനം. എന്നാൽ പൊലീസ് അനുവദിച്ചില്ല. പകരം പൊലീസ് ആംബുൻസ് ഏർപ്പാടാക്കി.
കാർത്തിക്കിന്റെ മൃതദേഹത്തിന് വിലക്ക്
ദളിതനായ കാർത്തികിന്റെ മൃതദേഹം പുതുക്കോട്ട ഗ്രാമത്തിൽ സംസ്‌കരിക്കരുതെന്ന് സവർണജാതിക്കാരായ നാട്ടുകൂട്ടത്തിന്റെ തീരുമാനം. യുവാക്കളെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ഇടവരുത്തുമെന്ന് നാട്ടുകൂട്ടം ജില്ലാകളക്ടർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു. മാത്രമല്ല, പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ഗ്രാമത്തിൽ സംസ്‌കരിക്കാൻ പാടില്ലെന്ന നിബന്ധനയുമുണ്ടത്രേ. പുതുക്കോട്ടെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ ഏതെങ്കിലും ശ്മശാനത്തിൽ സംസ്‌കരിക്കാൻ തീരുമാനിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്നീട് ട്രിച്ചിയിലേക്ക് മാറ്റി.