ആമ്പല്ലൂർ: പാലപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾക്ക് ആമ്പല്ലൂർ ജംഗ്ഷന് മുമ്പായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിലായി സ്റ്റോപ്പ് അനുവദിച്ചു. കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കണ്ടിഷണർ എന്നിവർ പങ്കെടുത്ത റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗമാണ് സ്റ്റോപ്പ് അനുവദിച്ചത്.
ആമ്പല്ലൂരിലെ വയോജനങ്ങളുടെ സംഘടനയായ തണലിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്. ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ച് ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് വിവാദമായിരുന്നു.
തണൽ പ്രസിഡന്റ് സി.കെ. കൊച്ചുകുട്ടൻ, പി.പി. ഡേവീസ്, ഇ. നന്ദകുമാർ, പി.കെ. വാസു എന്നിവരുടെ നേതൃത്വത്തിനായിരുന്നു നിവേദനം നൽകിയത്. വയോജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് സ്വകാര്യ വ്യക്തി ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചു നൽകാൻ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. തൃശൂർക്ക് പോകുന്ന ബസുകളിൽ ആമ്പല്ലരിൽ വന്നിറങ്ങുന്ന വയോധികർക്ക് ദേശീയപാത മുറിഞ്ഞു കടന്ന് വരാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അധികൃതർക്ക് നിവേദനം നൽകിയത്.