ചാലക്കുടി: കാർമ്മൽ സ്റ്റേഡിയത്തിൽ സമാപിച്ച റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ 218 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ല ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. വലപ്പാട് ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത് 155 പോയിന്റ്. 109.5 പോയിന്റോടെ ആതിഥേയരായ ചാലക്കുടി മൂന്നാം സ്ഥാനവും തൃശൂർ ഈസ്റ്റ് നാലാം സ്ഥാനക്കാരുമായി.
സ്‌കൂൾ തലത്തിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളാണ്. ഇവർക്ക് 166 പോയിന്റുണ്ട്. നാട്ടിക ഫിഷറീസ് 78ഉം പന്നിത്തടം കോൺകോഡ് സ്‌കൂൾ 54ഉം പോയിന്റുകൾ നേടി. കാൽ നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഇരിങ്ങാലക്കുട ജില്ല മേളയിൽ ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ വർഷം തങ്ങളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ വലപ്പാടിനെ ഇക്കുറി വകഞ്ഞുമാറ്റി നേട്ടം കൊയ്‌തെടുത്തപ്പോൾ അതൊരുമധുര പ്രതികാരം കൂടിയായി. ബി.ഡി ദേവസി എം.എൽ.എ സമാപന സമ്മേളനത്തിൽ സമ്മാന ദാനം നിർവഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷീജു അദ്ധ്യക്ഷയായി. നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.