പഴുവിൽ: മാരകമായ രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി പഴുവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താമത് വാർഷികാഘോഷ പരിപാടികൾ നവംബർ 16 മുതൽ 26 വരെ പഴുവിൽ ജേപീസ് സംഗമം ഹാളിൽ നടക്കും. 16 മുതൽ 26 വരെ രാത്രി 7ന് നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ, വള്ളുവനാട് ബ്രഹ്മയുടെ പാട്ട് പാടുന്ന വെള്ളായി, തിരുവനന്തപുരം ആരാധനയുടെ ആരാത്രി, ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ, തിരുവനന്തപുരം സോപാനത്തിന്റെ യാത്രകൾ തീരുന്നിടത്ത്, തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ, തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിത പാഠം, കൊല്ലം അയനം നാടകവേദിയുടെ ഇത് ധർമ്മഭൂമിയാണ്, തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം, കൊല്ലം യവന നാടകവേദിയുടെ കേളപ്പൻ ഹാജരുണ്ട്, ആലപ്പുഴ ജൂബിലി തിയറ്റേഴ്‌സിന്റെ ആലറാം എന്നീ നാടകങ്ങൾ അവതരിപ്പിക്കും.

നടി മഞ്ജുവാര്യരുടെ പിതാവ് വാരിയത്ത് മാധവ വാര്യരുടെ സ്മരണക്കായി പതിമൂന്ന് ഇനങ്ങളിലായി ഏർപ്പെടുത്തിയ നാടക പുരസ്‌കാരങ്ങളും പെരിങ്ങോട്ടുകര ദേവസ്ഥാനം ഏർപ്പെടുത്തിയ മികച്ച നാടകത്തിനുള്ള കാഷ് അവാർഡ് ഉൾപ്പടെയുള്ള അവാർഡുകളും 26ന് വിതരണം ചെയ്യും. 16ന് വൈകിട്ട് 6ന് വാർഷികാഘോഷ പരിപാടികൾ ജോസ് ആലുക്കാസും നാടക മത്സരം അഡ്വ.എ.യു രഘുരാമ പണിക്കരും ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.യു അരുണൻ എം.എൽ.എ അദ്ധ്യക്ഷനാകും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസ്‌ലർ ശശീന്ദ്രൻ മുഖ്യാതിഥിയാവും. സിനിമാ താരം ധനം കണ്ണനെ ചടങ്ങിൽ അനമോദിക്കും. 17ന് രാവിലെ മുതൽ കുട്ടികളുടെ ചിത്രരചനാ മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും നടക്കും. 20ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. തൃശുർ റേയ്ഞ്ച് ഐജി സരേന്ദ്രൻ വിശിഷ്ഠാതിഥിയാകും. സിനിമാതാരം പാഷാണം ഷാജി, കട്ട്യേടത്തി വിലാസിനി തുടങ്ങിയവർ സംബന്ധിക്കും. 26ന് നടക്കുന്ന സമാപന സമ്മേളനം ഫാ. ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും. പ്രമുഖർ അടങ്ങുന്ന വേദിയിൽ നാടക മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ,​ സെക്രട്ടറി ഇ.പി. സൈമൺ എന്നിവർ അറിയിച്ചു.