ചാലക്കുടി: സ്റ്റേഡിയത്തിലെ ആർപ്പുവിളികളും സഹപാഠികളുടെ പ്രോത്സാഹനവും അഭിരാമി ശ്രദ്ധിച്ചില്ല. ഒരു ലക്ഷ്യം മനസിൽ വച്ചായിരുന്നു അവൾ ഓടിത്തുടങ്ങിയത്. ഒടുവിൽ കുതിച്ചെത്തിയത് സ്വർണ്ണത്തിലേയ്ക്കും. അമ്മയുടെയും മുത്തശ്ശിയുടെയും മുഖം മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്ന് 600 മീറ്റർ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാമതായെത്തിയ അഭിരാമി കിതപ്പിനിടയിലും പറഞ്ഞൊപ്പിച്ചു. അമ്മയും മുത്തശ്ശിയുമാണ് തന്റെ പ്രചോദനമെന്ന് പറയുമ്പോൾ എരുമപ്പെട്ടി ജി.എച്ച്.എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ കണ്ണുകൾ നിറഞ്ഞു.
1.54 കൊണ്ടാണ് അഭിരാമി 600 മീറ്റർ ദൂരം കീഴടക്കിയത്. കഴിഞ്ഞ ദിവസം നടന്ന 400 മീറ്റർ ഓട്ടത്തിലും അഭിരാമി സ്വർണ്ണം നേടിയിരുന്നു. എന്നാൽ ഇരിങ്ങാലക്കുടയിൽ നടത്തിയ 200 മീറ്റർ ഓട്ടം പൂർത്തിയാക്കാനായില്ല. മത്സരത്തിനിടെ കാൽ ഇടറിയതോടെ പാതി വഴിയിൽ മത്സരം ഉപേക്ഷിച്ചു. ഇതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു കാർമ്മൽ സ്റ്റേഡിയത്തിലെ വിജയം. ജില്ലാതല മത്സരത്തിൽ ആദ്യമായാണ് അഭിരാമി പങ്കെടുക്കുന്നത്. ദേവസ്വം ജീവനക്കാരിയായ അമ്മ രാധികയുടെ തുച്ഛമായ വരുമാനമാണ് ഇവരുടെ ജീവിതമാർഗ്ഗം. ഇതിൽ നിന്നും മിച്ചം പിടിച്ചാണ് പരിശീലനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്. ഹനീഷ്, മനോജ് എന്നിവരാണ് പരിശീലകർ.