പുതുക്കാട്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ നിന്നും കണ്ടക്ടർ തെറിച്ച് വീണു. പുതുക്കാട് സബ് സ്റ്റേഷനിലെ കണ്ടക്ടർ കൊല്ലം സ്വദേശി ഷിനുവാണ് ബസിൽ നിന്നും തെറിച്ച് വീണത്. മുപ്ലിയത്തു നിന്നും തൃശൂരിലേക്ക് പോയിരുന്ന ബസിൽ ഇന്നലെ രാവിലെ ഒമ്പതോടെ കണ്ണമ്പത്തൂർ വളവിൽ ആയിരുന്നു സംഭവം.

ഓടുന്നതിനിടെ വളവിൽ വണ്ടിയുടെ പിൻ വാതിലിന്റെ ലോക്ക് തുറന്നു പോയതാണ് കണ്ടക്ടർ വീഴാൻ കാരണം. വീഴ്ചയിൽ നിസാരപരിക്ക് പറ്റിയ ഷിനു ബസിൽ തിരികെ കയറി തന്റെ ജോലി തുടർന്നു. രാവിലെയും വൈകീട്ടും തിരക്കുള്ള സമയത്ത് ബസിൽ വലിയ തിരക്കാണ്. ഈ സമയം കൂടുതൽ സർവീസുകൾ നടത്താൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.