
വാടാനപ്പിള്ളി: തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി കുട്ടമുഖം ടിപ്പു നഗറിൽ അറക്കവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഹഫ്‌സത്താണ് (63) മരിച്ചത്.
ഹഫ്സത്തിന്റെ ജ്യേഷ്ഠത്തിയുടെ മകൾ ഫാസിയെ ഇന്നലെ രാവിലെ പത്തരയോടെ പല തവണ ഫോൺ ചെയ്തിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ഹഫ്സത്ത് കട്ടിലിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. കൺപോളയ്ക്കു മുകളിലെയും കൈവിരലുകൾക്കിടയിലെയും കൈത്തണ്ടയിലെയും മുറിവുകളിൽ നിന്ന് രക്തം ഒലിച്ചിറങ്ങിയിരുന്നു.
മൽപ്പിടിത്തത്തിന്റെ സൂചനയുള്ളതായി മൃതദേഹം പരിശോധിച്ച ഡോക്ടർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഹഫ്സത്തിന്റെ കൈകൾ പിറകിലേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു. വീടിന്റെ മുൻ വാതിൽ ചാരിയിട്ടേയുള്ളൂ. ഫഫ്സത്ത് ധരിക്കാറുള്ള രണ്ടു പവനിലേറെ വരുന്ന മാല കാണാതായിട്ടുണ്ട്. നേരത്തേ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള ഹഫ്‌സത്തിന് രണ്ടു ബന്ധത്തിലും മക്കളില്ല. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.