ചാലക്കുടി: മകള്‍ വിജയ കിരീടം ചൂടുന്നതും നോക്കി, നിറഞ്ഞ മനസുമായി മുന്‍ ദേശീയ താരമായ മാതാവ്. സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ ജാനിസ് ട്രീസ റെജിയുടെ അമ്മ, റീന തോമസാണ് ഗതകാല സ്മരണകളുമായി ഗ്രൗണ്ടില്‍ നിന്നത്. ലോംഗ് ജമ്പ്, ഷോട്ട് പുട്ട് എന്നിവയില്‍ ഇരട്ട സ്വര്‍ണ്ണവുമായി പത്തു പോയിന്റിലെത്തിയ മകള്‍ക്ക് ചാമ്പ്യന്‍ ഷിപ്പ് ഇവര്‍ പ്രതീക്ഷിച്ചിരുന്നു. ആ കണക്കുകൂട്ടല്‍ പിഴച്ചില്ല. നൂറ് മീറ്ററില്‍ കൂടി ഓടിക്കയറിയ ജാനിസ്, ട്രിപ്പിള്‍ സ്വര്‍ണ്ണം നേടി. മകളെ മാറോട് ചേര്‍ത്ത് ആഹ്ലാദം പങ്കിടുമ്പോള്‍ റീനയുടെ മനം പാറിപ്പറന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആരവങ്ങളുയർന്ന മൈതാനങ്ങളിലേക്കായിരുന്നു. 1996, 2000 കാലഘട്ടങ്ങളില്‍ ഇന്ത്യയിലെ പല മൈതാനങ്ങളും റീന തോമസ് കീഴടക്കിയത് ട്രിപ്പിൾ ജമ്പിലായിരുന്നു. സ്‌കൂള്‍, കോളേജ് പഠന കാലത്ത് നിരവധി സമ്മാനം വാരിക്കൂട്ടി. ദേശീയ മീറ്റുകളിലും ഈ ഇടുക്കിക്കാരി ഒന്നാം സ്ഥാനക്കാരിയായി. ലോംഗ് ജമ്പും വഴങ്ങുമെങ്കിലും ട്രിപ്പിളിനായിരുന്നു അവര്‍ പ്രാമുഖ്യം കൊടുത്തത്. പിന്നീട് റെയില്‍വെയില്‍ ജോലിക്കാരിയാകുമ്പോള്‍ ജീവിത പങ്കാളിയായി കിട്ടിയത് മറ്റൊരു കായിക താരം റെജി മാത്യുവിനെയായിരുന്നു..