കൊടുങ്ങല്ലൂർ: പുതിയ കെട്ടിടം നിർമ്മിക്കുന്നവർ കെട്ടിട്ടത്തോടെപ്പം മരവും വച്ചുപിടിപ്പിക്കണമെന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ നിബന്ധനയ്ക്ക് നിയമ പരിരക്ഷ ലഭിച്ചു. മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വന്ന പുതിയ ഭേദഗതിയിലാണ് സമാനമായ വ്യവസ്ഥ കേരള സർക്കാർ കൂട്ടിച്ചേർത്തത്. മുനിസിപ്പൽ പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ 2019 നവംബർ 2ന് വിജ്ഞാപനം ചെയ്ത ഭേദഗതി ചട്ടങ്ങളിലാണ് നഗരവനവത്കരണം എന്ന പുതിയ ഭാഗം ഉൾക്കൊള്ളിച്ചത്. 2005 ലെ വനേതര പ്രദേശങ്ങളിലെ വൃക്ഷവത്കരണം സംബന്ധിച്ച നിയമത്തിനനുസൃതമയിട്ടുകൂടിയാണ് പുതിയത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് 5ന് നഗരസഭാ കൗൺസിൽ അംഗീകരിച്ച് മുനിസിപ്പൽ പ്രദേശത്ത് നടപ്പാക്കിയ ഈ നിബന്ധന രാജ്യവ്യാപകമായ ശ്രദ്ധ നേടിയിരുന്നു. ആ നിബന്ധനകൾക്ക് അനുസൃതമായ മാറ്റം മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിലും വരുത്തണമെന്ന് കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലും മുനിസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രനും ദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീനോടും സർക്കാരിനോടും അഭ്യർത്ഥിച്ചിരുന്നു.
മുനിസിപ്പൽ ചട്ടങ്ങളോടൊപ്പം ഭേദഗതി ചെയ്ത പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലും സമാന വ്യവസ്ഥ ഉൾചേർത്തിട്ടുണ്ട് എന്നതും മറ്റൊരു സവിശേഷതയാണ്.
..........................
ചട്ടത്തിലുള്ളത്
കെട്ടിട നിർമ്മാണ ഭേദഗതി ചട്ടം 76 (3) പ്രകാരം 450 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നവരെല്ലാം കുറഞ്ഞത് ഒരു മരം വീതവും സ്ഥലവിസ്തീർണ്ണം കൂടുന്നതിന് ആനുപാതികമായി കൂടുതൽ മരങ്ങളും വച്ചുപിടിപ്പിക്കണം. പ്ലോട്ടിൽ ഒരു മീറ്റർ വീതിയിലും 1.5 നീളത്തിലും വീതം സ്ഥലം മരം വച്ച് പിടിപ്പിക്കുന്നതിനായി മാറ്റിവയ്ക്കണം എന്നും ഈ ചട്ടം പറയുന്നു. ഏകദേശം 11 സെന്റിന് മുകളിലുള്ള സ്ഥലങ്ങൾക്ക് ഇത് ബാധകമാണ്. 8 സെന്റിന് മുകളിലുള്ള സ്ഥലത്ത് വീടുനിർമ്മിക്കുന്നവർ മരം വച്ച് പിടിപ്പിക്കണം എന്ന നിബന്ധനയായിരുന്നു കൊടുങ്ങല്ലൂർ നഗരസഭ മുന്നോട്ട് വച്ചിരുന്നത്.