സമരവുമായി നിലവിലെ സംരംഭകർ

തൃശൂർ: അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള അകലം കുറച്ചെങ്കിലും പുതുതായി അനുവദിക്കേണ്ട സെന്ററുകളുടെ ലൊക്കേഷൻ നിശ്ചയിച്ചില്ല. ഇതുമൂലം പുതിയ സെന്ററുകൾ ആരംഭിക്കാനായി എത്തുന്ന സംരംഭകരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കാകുന്നില്ല.
ഒരു പഞ്ചായത്തിൽ നാലും നഗരസഭയിൽ ആറും അക്ഷയ കേന്ദ്രങ്ങളെ പരമാവധി അനുവദിക്കൂവെന്ന വ്യവസ്ഥയാണ് പുതിയ ഉത്തരവോടെ ഒഴിവായത്. രണ്ട് അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം രണ്ടു കിലോമീറ്ററിൽ നിന്ന് ഒന്നര കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. നിലവിൽ ജില്ലയിൽ 259 അക്ഷയ കേന്ദ്രങ്ങളാണുള്ളത്. പൂർണമായും പ്രവർത്തനസജ്ജമായത് 220 എണ്ണമാണ്. ബാക്കിയുള്ളത് അനുമതിയുടെ അവസാനഘട്ടത്തിലാണ്.
പുതിയ ഉത്തരവിൽ ഒന്നര കിലോമീറ്ററിനുള്ളിൽ അക്ഷയ സെന്റർ അനുവദിക്കാം. അപേക്ഷ സ്വീകരിക്കണമെങ്കിൽ അക്ഷയ സെന്റർ അനുവദിക്കുന്ന സ്ഥലം സർക്കാർ നോട്ടിഫൈ ചെയ്യണം. ഒന്നര കിലോമീറ്ററെന്ന ദൂരപരിധി അപേക്ഷകർ സ്വയം നിശ്ചയിക്കുന്നത് തർക്കത്തിനിടയാക്കും.
സർക്കാർ ഓഫീസുകളിലെ എല്ലാ സർട്ടിഫിക്കറ്റുകളും ഓൺലൈൻ വഴിയാക്കിയതോടെ അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക് പതിവായിരുന്നു. ചിലപ്പോൾ ഏറെനേരം കാത്തിരിക്കേണ്ടിയും വരാറുണ്ട്. ഇതുസംബന്ധിച്ച് പരാതികൾ ഏറിയതോടെയാണ് സെന്ററുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡം മാറ്റിയത്. പരിഷ്‌കാരത്തോടെ 100 മുതൽ 150 അക്ഷയ കേന്ദ്രങ്ങൾ പുതുതായി വരുമെന്നാണ് കണക്കാക്കുന്നത്.
ഓരോ ദിവസം കഴിയുന്തോറും പുതിയ സേവനങ്ങൾ ലഭ്യമാകാൻ തുടങ്ങിയതോടെയാണ് അക്ഷയ കേന്ദ്രങ്ങളിൽ തിരക്കേറിയത്. ഒരു ജീവനക്കാരുമായി തുടങ്ങിയ അക്ഷയ കേന്ദ്രങ്ങളിൽ പലതിലും ഇപ്പോൾ കൂടുതൽ ജീവനക്കാരുണ്ട്.
സ്വന്തം മൊബൈൽ ഫോണുപയോഗിച്ച് ചെയ്യാവുന്ന രീതിയിലേക്ക് ലോഗിൻ സംവിധാനത്തിൽ ഐ.ടി. വകുപ്പ് മാറ്റം വരുത്തിയിരുന്നു. എന്നാൽ, പ്രായമായ പല ആളുകൾക്കും ഇതു അപ്രായോഗികമായതിനാൽ അക്ഷയ കേന്ദ്രങ്ങൾ തന്നെയാണ് ഇവർക്ക് ആശ്രയം.
പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നത് നിലവിലുള്ള സംരംഭകർക്ക് തിരിച്ചടിയാണ്. വരുമാനം ഇടിയാൻ കാരണമാകുമെന്നാണ് അവരുടെ പരാതി.

30 ഓളം സേവനങ്ങൾ

ഇപ്പോൾ 30 ഓളം സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് നൽകുന്നത്. വില്ലേജ് ഓഫീസുകളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനാണ് ആവശ്യക്കാരേറെ. ലൈഫ് സർട്ടിഫിക്കറ്റ്, വിവിധ ബില്ലടയ്ക്കൽ, ബാങ്കിംഗ്്, ഇൻഷ്വറൻസ് സേവനങ്ങൾക്കും അക്ഷയകേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നു.

സംരംഭകർ സമരത്തിലേക്ക്

പുതിയ ഉത്തരവ് റദ്ദാക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അസോസിയേഷൻ ഓഫ്. ഐ.ടി. എംപ്ലോയീസ് (സി.ഐ.ടി.യു.) നേതൃത്വത്തിൽ 18ന് രാവിലെ 10ന് സംസ്ഥാന ഐ.ടി. മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. ആധാർ, ആരോഗ്യ ഇൻഷ്വറൻസ് സേവനങ്ങൾ ഇല്ലാതായത് മൂലം വരുമാനം കുത്തനെ ഇടിഞ്ഞു. വ്യാജ ഡിജിറ്റൽ സേവാ കേന്ദ്രങ്ങളുടെ കടന്നുവരവും വരുമാനത്തെ ബാധിച്ചു. ദൂരപരിധി എടുത്തുകളഞ്ഞത് നിലവിലുള്ള സംരംഭകരെ കൂടുതൽ പ്രതിസന്ധിയിലാക്കും


എ.ഡി. ജയൻ (സംസ്ഥാന ജനറൽ സെക്രട്ടറി, അസോസിയേഷൻ ഒഫ് ഐ.ടി. എംപ്‌ളോയീസ് (സി.ഐ.ടി.യു)

ജില്ലയിൽ നിലവിലുള്ള സെന്ററുകൾ 259

പുതിയ ഉത്തരവിൽ പ്രതീക്ഷിക്കുന്ന സെന്ററുകൾ 1,00,150