ochu
മരത്തിൽ ഒച്ചുകൾ കട്ടപിടിച്ചിരിക്കുന്ന നിലയിൽ

കോണത്തുകുന്ന് : വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൂവത്തുംകടവ് ഭുവനേശ്വരി ക്ഷേത്ര പരിസരത്ത് ആഫ്രിക്കൻ ഒച്ച് വ്യാപകമാകുന്നു . കാട് പിടിച്ച് ഈർപ്പം കലർന്ന മണ്ണിൽ വലിയ തോതിലാണ് ഒച്ചുകൾ പെരുകുന്നത്. ഏതാനും വർഷമായി പ്രദേശത്തു കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കഴിഞ്ഞ പ്രളയത്തോടെ വർദ്ധിക്കുകയായിരുന്നെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

കുട്ടികളിൽ മസ്തിഷ്ക രോഗങ്ങൾക്ക് കാരണമാകുമെന്ന ഭയത്താൽ കുട്ടികളെയും മറ്റും പുറത്തേക്ക് വിടാൻ പ്രദേശവാസികൾ ഭയന്നിരിക്കുകയാണ് . രാവിലെയും വൈകീട്ടുമാണ് ഇവയെ കൂടുതൽ കാണുന്നത്. വാഴ, മാവ്, പപ്പായ തുടങ്ങിയവയിലെല്ലാം ഒച്ചുകൾ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയുണ്ട്. മഴക്കാലത്താണ് കൂടുതലായി കാണുന്നത്. നിലവിലുള്ളവയെ നശിപ്പിക്കാനും പെരുകുന്നത് തടയാനും ആവശ്യമായ നടപടികൾ പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.