വെള്ളിക്കുളങ്ങര: മലയോരമേഖലയിൽ കാട്ടാനശല്യം വർദ്ധിച്ചതോടെ കൃഷിയിടത്തെ സംരക്ഷിക്കാൻ പോത്തൻചിറയിലെ കർഷകൻ സ്വന്തമായി 1500 ഓളം മീറ്റർ സോളാർ എർത്ത് വേലി സ്ഥാപിച്ചു. അമ്പനോളി സ്വദേശി ചിരണക്കൽ പോളാണ് സ്വന്തമായി സോളാർ വേലി സ്ഥാപിച്ചത്.
വന്യമൃഗങ്ങളിൽനിന്നും കൃഷിയിടങ്ങൾക്കും പ്രദേശവാസികൾക്കും സംരക്ഷണം നൽകാനായി വനംവകുപ്പ് 10 കി.മി നീളത്തിൽ നിർമിച്ച സോളാർവേലി പ്രവർത്തനരഹിതമായിട്ടും അറ്റകുറ്റപണികൾ നടത്താനോ മറ്റുമാർഗങ്ങൾ സ്വീകരിക്കാനോ നടപടിയില്ലാത്തതിനാലാണ് കർഷകൻതന്നെ സ്വയരക്ഷക്കായി ഫെൻസിംഗ് നടത്തിയത്.
വനംവകുപ്പ് സ്ഥാപിച്ച സോളാർവേലിയിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാതെ വന്നതോടെ കാട്ടാനകൾ തന്നെയാണ് അവ നശിപ്പിച്ചുകളഞ്ഞത്. 11 ഏക്കർ സ്ഥലത്തെ റബ്ബർ, തെങ്ങ്, കശുമാവ്, കവുങ്ങ്, കുരുമുളക്, വാഴ, ജാതി തുടങ്ങിയ കൃഷികൾ മൂന്നുവർഷത്തോളമായി വന്യമൃഗങ്ങൾ നശിപ്പിക്കുകയായിരുന്നു. ലൈറ്റും ലേസർ ലൈറ്റും ഉപയോഗിക്കുമ്പോൾ വന്യജീവികളുടെ ശല്യത്തിന് കുറവുണ്ടായെങ്കിലും നാശനഷ്ടങ്ങൾ പൂർണമായി ഒഴിവാക്കാനായിരുന്നില്ല.
ഒരുലക്ഷത്തിലധികം രൂപ ചെലവാക്കിയാണ് പോൾ സോളാർവേലി സ്ഥാപിച്ചത്. 60 എച്ചിന്റെ ബാറ്ററികളും 100 എഎച്ചിന്റെ സോളാർ പാനലും കമ്പിയും ഉപയോഗിച്ചാണ് ഫെൻസിംഗ് നിർമിച്ചിരിക്കുന്നത്. പറമ്പിൽനിന്നും മുറിച്ചെടുത്ത മരങ്ങളുടെ കഷണങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പൈപ്പിന്റെ ഭാഗങ്ങളും ഉപയോഗിച്ചതിനാൽ ചെലവ് കുറക്കാനായി. സമീപ പറമ്പുകളിൽ കാട്ടാനശല്യമുണ്ടായെങ്കിലും ഫെൻസിംഗ് നടത്തിയശേഷം കഴിഞ്ഞ ഒരാഴ്ചയായി വന്യമൃഗങ്ങളുടെ ശല്യമുണ്ടായിട്ടില്ലെന്ന് സഹോദരൻ ചിരണക്കൽ മാത്യു പറഞ്ഞു. വന്യമൃഗശല്യം കുറവുണ്ടെങ്കിൽ ഇടകൃഷികൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് മാത്യു.