മാള: വിശുദ്ധ മറിയം ത്രേസ്യയുടെ പദവി പ്രഖ്യാപനത്തിന്റെ കൃതജ്ഞതയായി രാജ്യത്തെ ആഘോഷം ഉത്സവമാക്കാനൊരുങ്ങി കുഴിക്കാട്ടുശേരി ഗ്രാമം. ഇതോടനുബന്ധിച്ച് കുഴിക്കാട്ടുശേരി മറിയം ത്രേസ്യാ തീർത്ഥകേന്ദ്രത്തിൽ 16 ന് നടക്കുന്ന ആഘോഷ ചടങ്ങുകളിൽ രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള നൂറുകണക്കിന് പ്രമുഖർ പങ്കെടുക്കും. സീറോ മലബാർ സഭയിലെ നാലാമത്തെയും ഭാരതത്തിലെ ക്രൈസ്തവ സഭയിലെ അഞ്ചാമത്തെയും വിശുദ്ധയാണ് മറിയം ത്രേസ്യ. 16 ന് ഉച്ചതിരിഞ്ഞ് കൃതജ്ഞതാബലി ആരംഭിക്കും. നൂറോളം ബിഷപ്പുമാരും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മുഖ്യ കാർമ്മികത്വം വഹിക്കും. മോറാൻ മാർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവ വചന സന്ദേശം നൽകും. വൈകീട്ട് 4.30 ന് സമാപിക്കുന്ന ദിവ്യബലിക്ക് ശേഷം ദേശീയ സമ്മേളനം തുടങ്ങും. സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസ്‌വാൾഡ് ഗ്രെഷ്യസ്‌ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ പ്രൊഫ.സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, എം.പിമാരായ ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, എം.എൽ.എ.മാർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്‌ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. വാർത്താസമ്മേളനത്തിൽ ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ. ലാസർ കുറ്റിക്കാടൻ, ഡോ. സിസ്റ്റർ ആനി കുര്യാക്കോസ്, ഫാ. ജോൺ കവലക്കാട്ട്, ഫാ. ജിജോ വാകപറമ്പിൽ, ടെൽസൻ കോട്ടോളി, സിസ്റ്റർ മരിയ ആന്റണി എന്നിവർ പങ്കെടുത്തു.