mon-joseph
മോൺ. ജോസഫ് കവലക്കാട്ട്

ഇരിങ്ങാലക്കുട : രൂപതയിലെ സീനിയർ വൈദികൻ മോൺ. ജോസഫ് കവലക്കാട്ട് (93) നിര്യാതനായി. സംസ്‌കാരം 15ന് പരിയാരം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരി കപ്പേളയിൽ നടക്കും. പരിയാരം സെന്റ് ജോർജ്ജ് ഇടവകാംഗമായ ജോസഫച്ചൻ കവലക്കാട്ട് ചിറപ്പണത്ത് ആഗസ്തി - കുഞ്ഞ്യാളിച്ചി ദമ്പതികളുടെ മകനാണ്. തൃശ്ശൂർ അതിരൂപതയിലെ കോട്ടപ്പടി, വേലൂർ ഫൊറോന എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായും മുക്കാട്ടുകര, മാള ഫൊറോന, പുത്തൻചിറ ഫൊറോന, പാവറട്ടി, പെരുവല്ലൂർ, വടക്കാഞ്ചേരി ഫൊറോന, തിരുത്തിപ്പറമ്പ്, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട കത്തീഡ്രൽ, പേരാമ്പ്ര, വല്ലപ്പാടി എന്നിവിടങ്ങളിൽ വികാരിയായും പ്രവർത്തിച്ചു. തൃശ്ശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ചാൻസലറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രൂപതാ ചാൻസലറായിരിക്കെ 1988 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയിൽ നിന്നും 'ഹോണററി പ്രിലേറ്റ്'എന്ന മോൺസിഞ്ഞോർ പദവി ലഭിച്ചു. അവിഭക്ത തൃശ്ശൂർ അതിരൂപതയിലും ഇരിങ്ങാലക്കുട രൂപതയിലും രൂപത ഉപദേശക സമിതി അംഗം, തൃശ്ശൂർ അതിരൂപതയിൽ അസ്സി. പ്രൊക്കുറേറ്റർ, ജൂബിലി മിഷൻ ഹോസ്പിറ്റൽ അസ്സി. ഡയറക്ടർ എന്നീ നിലകളിലും ഇരിങ്ങാലക്കുട രൂപതയിൽ എപ്പാർക്കിയൽ ജഡ്ജ്, പ്രെസ്ബിറ്ററൽ & പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, വിയാനി ഹോം ഡയറക്ടർ, ഇരിങ്ങാലക്കുട സെന്റ് പോൾസ് മൈനർ സെമിനാരി & ജോൺ പോൾ ഭവൻ സ്പിരിച്ച്വൽ ഫാദർ എന്നീ നിലകളിലും സേവനം ചെയ്തു. വിവിധ കോൺവെന്റുകളിൽ കപ്ലോനായും വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും ആദ്ധ്യാത്മിക ഡയറക്ടറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.