മാള: സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ കൽപ്പിച്ചിരുന്ന വിലക്കുകളെ അതിജീവിച്ച് കുടുംബ കേന്ദ്രീകൃതമായ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ പേരിൽ 7.15 കോടി രൂപ കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. ഇരിങ്ങാലക്കുട രൂപത, ഹോളി ഫാമിലി സന്യാസിനി സമൂഹം, മങ്കിടിയാൻ കുടുംബം എന്നിവരാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി പണം നീക്കിവച്ചത്. ജാതിമത ഭേദമന്യേയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
വീട് നിർമ്മാണം, പഠന സഹായം, ചികിത്സ, വിവാഹ ധനസഹായം, കുടുംബക്ഷേമം തുടങ്ങിയ ഇനങ്ങളിലായാണ് തുക ചെലവഴിക്കുക. ഇതിനായി ഇരിങ്ങാലക്കുട രൂപത രണ്ട് കോടിയും ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ച് കോടിയും മറിയം ത്രേസ്യയുടെ തറവാട്ട് കുടുംബമായ മങ്കിടിയാൻ കുടുംബം 15 ലക്ഷവും നൽകും. ആഘോഷത്തിനായി സ്വരൂപിച്ച ഫണ്ടിൽ നിന്ന് 90 ശതമാനവും ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കും. രണ്ട് വർഷം നീണ്ടു നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനത്തിൽ 6 ലക്ഷം രൂപ വില വരുന്ന 50 വീടുകളാണ് നിർമ്മിക്കുക. പുത്തൻചിറ കുതിരത്തടത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് ഒന്നേമുക്കാൽ ഏക്കർ സ്ഥലത്തിൽ ലഹരി വിമുക്ത സാന്ത്വന ഭവനം നിർമ്മിക്കും. കുറ്റിക്കാട് പാവപ്പെട്ട കിടപ്പുരോഗികൾക്കായി അഭയകേന്ദ്രം തുടങ്ങും. വടക്ക് കിഴക്ക് സംസ്ഥാനത്ത് പാലിയേറ്റീവ് കേന്ദ്രം ആരംഭിക്കും. പ്രമേഹ രോഗമുള്ള കുട്ടികൾക്ക് ഇൻസുലിൻ പമ്പ് നൽകുന്ന പദ്ധതിയും നടപ്പാക്കും. ഈ പദ്ധതികളുടെ ഉദ്ഘാടനവും 16 ന് ആഘോഷങ്ങളുടെ ഭാഗമായി നടക്കും.