sivadas

മാള: പാട്ടെഴുത്ത്, ഡോക്യുമെന്ററി, ഹ്രസ്വചിത്രം നിർമ്മാണം, നാടകരചന, സംവിധാനം. 11 വായനശാലയിൽ അംഗത്വം. ലോക ക്ളാസിക്കുകൾ മിക്കതും വായിച്ചു തീർത്തു... ഇക്കണോമിക്സ് ബിരുദമെടുത്ത ശേഷം വാർക്കപ്പണി അന്തസുള്ള തൊഴിലായി കണ്ട ശിവദാസൻ ഒഴിവു സമയം ഇങ്ങനെ ചെലവിടുമ്പോൾ അതു വലിയ കാര്യം തന്നെ.

പത്തനംതിട്ട മല്ലപ്പിള്ളി മുറിഞ്ഞകല്ല് വീട്ടിൽ എം.കെ. ശിവദാസ് (46) 16 വർഷമായി മാളയ്ക്കടുത്ത് അന്നമനടയിലാണ് താമസം. അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി ഇന്ദിരയെ സ്വന്തമാക്കി ഇവിടെ കൂടിയതാണ്. രണ്ട് ആൺമക്കളുണ്ട്.

ദിവസവും രാത്രി നാലു മണിക്കൂറെങ്കിലും പുസ്തകം വായിച്ചിട്ടേ ശിവദാസ് ഉറങ്ങൂ. മാസം 40 പുസ്തകത്തിൽ കുറയാതെ വായിച്ചു തീർക്കും. 16-ാം വയസിൽ മല്ലപ്പിള്ളിയിൽ പ്രകാശ് ബാലജന സഖ്യം റീഡിംഗ് റൂമിലാണ് ആദ്യം അംഗമായത്. പിന്നെ വാർക്കപ്പണിക്കെത്തി തങ്ങിയ ഭാഗത്തൊക്കെ വായനശാല തേടി ശിവദാസ് പോയി.

വിദ്യാർത്ഥിയായിരിക്കെ കലാരംഗത്തും മിന്നി. പാമ്പാടി ഗ്രിഗോറിയോസ് കോളേജിൽ ബിരുദത്തിന് പഠിക്കവേ 1996ൽ കവിതാരചന, മിമിക്രി, ക്ലേ മോഡലിംഗ്, ഡ്രോയിംഗ് ഇനങ്ങളിൽ മിന്നി കലാപ്രതിഭയായി. തുടർന്ന് പഠിക്കാൻ ദാരിദ്ര്യം അനുവദിച്ചില്ല. കൂലിപ്പണിക്കിറങ്ങി.

മൂന്ന് ഓഡിയോ സി.ഡികൾക്ക് പാട്ടെഴുതിയ ശിവദാസ് രണ്ട് ഡോക്യുമെന്ററികളും നാല് ഹ്രസ്വചിത്രങ്ങളും ചെയ്തു. 'അന്നമനട" എന്ന 21 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം യു ട്യൂബിൽ ഹിറ്രായി ഓടുന്നു. മാള ആശ കമ്മ്യൂണിക്കേഷന്റെ തത്സമയം മാധവൻ എന്ന നാടകത്തിന് ക്ളൈമാക്സ് എഴുതി പ്രൊഫഷണൽ നാടക രംഗത്തും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. സുമൻ ഭാരതി എന്നാണ് തൂലികാ നാമം.

മാർക്കേസിന്റെ കോളറക്കാലത്തെ പ്രണയം, ഏകാന്തതയുടെ നൂറ് വർഷങ്ങൾ, സുകുമാർ അഴീക്കോടിന്റെ പ്രഭാഷണങ്ങൾ, ആശാൻ കവിതകൾ... ഇഷ്ട പുസ്തകങ്ങളെപ്പറ്റി ചോദിച്ചാൽ ശിവദാസൻ വാചാലനാവും.

ദിനചര്യ

രാവിലെ നാലിന് ഉണർന്ന് പ്രഭാത കൃത്യങ്ങൾക്ക് ശേഷം ലളിതാ സഹസ്രനാമം ചൊല്ലും. പിന്നെ പത്രവായന. വൈകിട്ട് പണി കഴിഞ്ഞ് വരും വഴി വായനശാലയിൽ കയറും. രാത്രി 8 മുതൽ വായന. ഇത് 12 വരെ നീളും. രസംപിടിച്ച് വെളുക്കുവോളം നീണ്ടെന്നും വരും.