ചാവക്കാട്: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും അത് ഗതാഗത യോഗ്യമാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിലും കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രതിഷേധിച്ചു. ശബരിമല സീസൺ തുടങ്ങാറായിട്ടും ഗുരുവായൂരിലെ തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ സമിതി കുറ്റപ്പെടുത്തി. ശബരിമലയിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തരുടെ തിരക്ക് ഗുരുവായൂരിലും കാലങ്ങളായി ഉണ്ടാകാറുണ്ട്. ഭക്തർക്ക് സുഗമമായി യാത്ര ചെയ്യുന്നതിനുള്ള റോഡുകൾ ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച ഹിന്ദു സമൂഹത്തിനോടും വിശ്വാസികളോടുമുള്ള അവഗണനയാന്നെന്നും ഇനിയും തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും സമിതി മുന്നറിയിപ്പ് നൽകി. ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തതിലും സമിതി ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ഒ. ജഗന്നിവാസൻ, താലൂക്ക് സെക്രട്ടറി പി.ആർ. നാരായണൻ, ടി.പി. മുരളി എന്നിവർ പ്രസംഗിച്ചു.