തൃപ്രയാർ: തൃപ്രയാർ അയ്യപ്പ സേവാകേന്ദ്രം മണ്ഡല മകര വിളക്ക് സേവാ പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പടിഞ്ഞാറെ നടയിൽ അയ്യപ്പഭക്തർക്ക് വിരി വയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, ഇൻഫർമേഷൻ സെന്റർ, വൈദ്യസഹായം, കുടിവെള്ളം, ഭജന, പ്രഭാഷണം എന്നിവ ഇതോടനുബന്ധിച്ച് നടക്കും.

ഞായറാഴ്ച രാവിലെ മഹാഗണപതി ഹോമം നടക്കും. ക്ഷേത്രം മേൽശാന്തി കാവനാട്ടു രവി നമ്പൂതിരി കാർമ്മികത്വം വഹിക്കും. വൈകീട്ട് നാലിന് ശ്രീരാമസ്വാമി ക്ഷേത്ര നടയിൽ നിന്ന് ഭദ്രദീപം തെളിച്ച് അമ്മമാരുടെ താലപ്പൊലി അകമ്പടിയോടെ സേവാകേന്ദ്രത്തിലേക്ക് ഘോഷയാത്ര. താന്ന്യം ബാലമുരുകയുടെ ചിന്തുപാട്ട് അകമ്പടിയാവും. തുടർന്ന് നടക്കുന്ന സമ്മേളനം സിനിമാ താരം ലിഷോയ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ മധു ശക്തീധരപണിക്കർ അദ്ധ്യക്ഷനാകും.

അഡ്വ. എ.യു രഘുരാമപ്പണിക്കർ ഭദ്രദീപം തെളിക്കും. ഗീത ഗോപി എം.എൽ.എ മുഖ്യാതിഥിയാകും. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണവും ശബരിമല കർമ്മസമിതി കൺവീനർ എസ്.ജെ.ആർ. കുമാർ മുഖ്യപ്രഭാഷണവും നടത്തും. സംഘാടക സമിതി ജനറൽ കൺവീനർ കെ. രഘുനാഥ്, ഇ.പി. ഹരീഷ്, കെ. ദിനേശ് രാജ, പി. കൃഷ്ണനുണ്ണി, ദിനേശ് വെള്ളാഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.