തൃശൂർ: ശാരീരിക മികവിന്റെ കായിക പരിശീലനം കഴിഞ്ഞ് പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായി മേളത്തിൽ മികവ് തെളിയിച്ചിരിക്കുകയാണ് അഗ്‌നിശമന സേന. തൃശൂർ കേരള ഫയർ ആൻഡ് റെസ്‌ക്യൂ അക്കാഡമിയിൽ ശാസ്ത്രീയ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സേനാ പട്ടത്തിനൊപ്പം മേളപട്ടവും ഫയർഫോഴ്‌സ് ട്രെയിനികൾക്ക് സ്വന്തം.

കാലങ്ങളും താളവട്ടങ്ങളും കൊട്ടിക്കയറിയ ഇവർ പഞ്ചാരിമേളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അക്കാഡമിയിൽ നിന്ന് പുറത്തിറങ്ങുന്ന 26, 27 ബാച്ചിലെ ട്രെയിനികൾക്കാണ് ചെണ്ടമേള പരിശീലനത്തിന് അവസരം ലഭിച്ചത്. സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം കുറക്കുന്നതിന്റെ ഭാഗമായാണ് ചെണ്ട പരിശീലനം നൽകിയത്. അക്കാഡമിയിലെ കൾചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ പത്ത് പ്ലാറ്റൂണുകൾക്ക് വൈവിദ്ധ്യമാർന്ന കലാപരിപാടികൾക്ക് അവസരം ഒരുക്കാറുണ്ട്.

തൃശൂർ പൂരത്തിന് പങ്കെടുത്തിരുന്ന മേള കലാകാരന്മാരായ സേനയിലെ സഹോദരങ്ങളായ ആർ. ശ്രീനാഥ്, കെ.ആർ. കിരൺ എന്നിവരാണ് തെരഞ്ഞെടുത്തവർക്ക് പരിശീലനം നൽകിയത്. ഫയർ ആൻഡ് റെസ്‌ക്യൂ അക്കാഡമി ഗ്രൗണ്ടിൽ അരങ്ങേറിയ പഞ്ചാരിമേളം കിഴക്കൂട്ട് അനിയൻ മാരാർ ഉദ്ഘാടനം ചെയ്തു. പതിനേഴ് ഫയർഫോഴ്‌സ് ട്രെയിനികൾക്കൊപ്പം പുറത്ത് നിന്നുള്ള കൊമ്പ് കുഴൽ താളം കലാകാരൻമാരും ഉൾപ്പെടെ അമ്പതോളംപേർ മേളത്തിൽ അണിനിരന്നു.

അക്കാഡമി ഡയറക്ടർ പി. ദിലിപൻ അസിസ്റ്റന്റ് ഡയറക്ടർമാരായ റെനി ലൂക്കോസ്, ഋതിജ് എസ്.എൽ, ദിലീപ്, സ്റ്റേഷൻ ഓഫീസർമാരായ പ്രസന്നകുമാർ, അജയ് രാധാകൃഷ്ണൻ എന്നിവർ അരങ്ങേറ്റത്തിന് നേതൃത്വം നൽകി.