തൃശൂർ: സംസ്ഥാനത്ത് ഒന്നേമുക്കാൽ ലക്ഷത്തോളം നെൽക്കൃഷിക്കാർ കടത്തിലും കണ്ണീരിലും മുങ്ങിത്താഴുന്നതിനു കാരണം കാലാവസ്ഥയോ കീടങ്ങളോ അല്ല. വിളനാശം വന്നില്ല, വിളവ് മോശമായതുമില്ല. ഒരു അബദ്ധം മാത്രം കാണിച്ചു.സർക്കാരിന് നെല്ലു വിറ്റു!
അതിനുള്ള പണം ബാങ്കിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു. പക്ഷേ, ബാങ്കിനു കൊടുക്കാനുള്ള പണം സിവിൽ സപ്ളൈസ് വകുപ്പ് കൊടുത്തില്ല. ആ വീഴ്ചയ്ക്ക് ബാങ്കുകൾ കടക്കാരാക്കിയത് കർഷകരെ. ഒന്നും രണ്ടുമല്ല, 1.72 ലക്ഷം കർഷകർക്കു പണം നൽകിയ വകയിൽ ബാങ്കുകൾക്ക് നൽകാനുള്ള കുടിശിക 1450 കോടിയാണ്. പലിശ സഹിതം ഇത് തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലേക്കു കടക്കുമെന്നാണ് ബാങ്കുകൾ കർഷകർക്കു നൽകിയിരിക്കുന്ന നോട്ടീസ്!
ചതി വന്ന വഴി
കർഷകർ സിവിൽ സപ്ളൈസിന് നെല്ല് നൽകുമ്പോൾ ഒരു രസീത് കിട്ടും. അതിൽ നെല്ലിന്റെ വിലയും, പണം കൈപ്പറ്റേണ്ട ബാങ്കിന്റെ പേരും രേഖപ്പെടുത്തിയിരിക്കും. ബാങ്കിൽ പോയി പണം വാങ്ങിയാൽ മതി. ഇങ്ങനെ കർഷകർക്ക് നൽകുന്ന പണം ആറു മാസത്തിനകം 9.5 ശതമാനം പലിശ ചേർത്ത് അടയ്ക്കാമെന്നാണ് സിവിൽ സപ്ളൈസ് വകുപ്പും ബാങ്കുകളുമായുള്ള കരാർ.
സംഭവിച്ചത്
കഴിഞ്ഞ സീസണിൽ നെല്ല് സംഭരണത്തിന് ആറ് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് സിവിൽ സപ്ലൈസ് കടമെടുത്തത് 1770 കോടി രൂപ. ബാങ്കുകൾ കൃഷിക്കാർക്ക് കൃത്യമായി പണം നൽകിയെങ്കിലും, സർക്കാർ തിരിച്ചടച്ചത് 320 കോടി മാത്രം. ബാക്കി 1450 കോടിയും കുടിശിക. 2018 ആഗസ്റ്റ് ഒന്നു മുതൽ ഇക്കഴിഞ്ഞ ജൂൺ വരെ സംഭരിച്ച നെല്ലിന്റെ തുകയിലാണ് ഇത്രയും കുടിശിക.
നീക്കിബാക്കി
സംഭരിച്ച നെല്ല്: - 6.95 ലക്ഷം മെട്രിക് ടൺ
സംഭരണ വില കിലോയ്ക്ക് : 25.80 രൂപ
കേന്ദ്ര വിഹിതം: 17.30 രൂപ
സംസ്ഥാനത്തിന്റേത്: 7.50 രൂപ
കേന്ദ്രത്തോട് ആവശ്യപ്പെട്ടത് : 827 കോടി
കേന്ദ്രം നൽകിയത് : 221 കോടി
സംസ്ഥാനത്തോട് ആവശ്യപ്പെട്ടത് : 420 കോടി
സംസ്ഥാനം നൽകിയത് : 306 കോടി