തൃശൂർ: കായികമേളകൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിൽ അനൗൺസർമാർക്കുള്ള പങ്ക് ചെറുതല്ല. ഇത് കഴിഞ്ഞ ഇരുപത് വർഷമായി കൃത്യമായി നിർവഹിക്കുകയാണ് പോൾ ജയിംസ്. കൊരട്ടി എം.എ.എം.എച്ച്.എസ്.എസിലെ കായികാദ്ധ്യാപകനാണ് പോൾ. ട്രാക്കിലും ഫീൾഡിലും ഒരേ സമയം നടക്കുന്ന മത്സരങ്ങൾ കൃത്യമായി കായിക താരങ്ങളെ എത്തിക്കുന്നതിൽ പോൾ ജയിംസിന്റെ ഇടപെടൽ സംഘാടകർക്ക് ഏറെ ആശ്വാസമാണ്. സ്വരം കടുപ്പിക്കേണ്ട സമയത്ത് അത് ചെയ്തും മേളയിൽ ആളുകളെ ആകർഷിക്കാനും പോളിനാകുന്നു. സബ് ജില്ല, ജില്ല, സംസ്ഥാന മേളകൾക്ക് പോൾ ജയിംസ് അനൗൺസറായി പ്രവർത്തിക്കുന്നു. ആൻഡമാൻ, ഡൽഹി, നാഗ്പൂർ, ജമ്മു, മൈസൂർ, കട്ടക്ക്, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്നിട്ടുള്ള ദേശീയ മത്സരങ്ങളിൽ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്...