തൃശൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ ശക്തൻ നഗറിൽ ആകാശപ്പാത വരുന്നു. മാതൃഭൂമി റൗണ്ടിനു ചുറ്റും വൃത്താകൃതിയിൽ 270 മീറ്റർ ചുറ്റളവിൽ മൂന്നു മീറ്റർ വീതിയിൽ റോഡ് നിരപ്പിൽ നിന്നും ആറ് മീറ്റർ ഉയരത്തിലാണ് ആകാശപ്പാത നിർമ്മിക്കുന്നത്. വർദ്ധിക്കുന്ന അപകടങ്ങളും ദിനംപ്രതി പെരുകുന്ന തിരക്കും കണക്കിലെടുത്താണ് ആകാശപ്പാത നിർമ്മാണവുമായി മുന്നോട്ട് പോകാൻ കോർപറേഷൻ ഭരണസമിതി തീരുമാനമെടുത്തത്.

ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും ഒരു ദിവസം വിവിധ ആവശ്യങ്ങൾക്കായി ശക്തൻ നഗറിലൂടെ കടന്നു പോകുന്നുവെന്നാണ് കണക്ക്. പച്ചക്കറി തരക്, മത്സ്യമാംസ മാർക്കറ്റ്, ശക്തൻ ബസ് സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ്, സർക്കാർ പരിപാടികൾ ഉൾപ്പെടെ പൊതുപരിപാടികൾ നടക്കുന്ന ശക്തൻ കൺവെൻഷൻ ഗ്രൗണ്ട്, തുടങ്ങിയവ സജീവമാകുമ്പോൾ പലപ്പോഴും ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് ലക്ഷ്യം. ശക്തൻ നഗറിന് മാസ്റ്റർ പ്ലാന്റിന്റെ ഭാഗമായാണ് ആകാശപ്പാതയും (സ്‌കൈവാക്ക്). 1987ൽ അന്നത്തെ കൗൺസിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.


പദ്ധതി നടപ്പാക്കുന്നത് അമൃത് പദ്ധതിയിലൂടെ

നിർമ്മാണച്ചെലവ്- 5.3 കോടി

കവാടങ്ങൾ ഏട്ട്
ആകാശപ്പാതയ്ക്ക് എട്ട് കവാടങ്ങളാണ് ഉള്ളത്. രണ്ടു മീറ്റർ വീതിയുള്ള പടവുകളിലൂടെ കയറിയിറങ്ങി പച്ചക്കറി തരക്, മത്സ്യമാംസ മാർക്കറ്റ്, ശക്തൻ ബസ് സ്റ്റാൻഡ്, പട്ടാളം മാർക്കറ്റ്, ശക്തൻ കൺവെൻഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാം.

നിർമ്മാണോദ്ഘാടനം ഇന്ന്
കോർപറേഷൻ നിർമിക്കുന്ന ആകാശപ്പാതയുടെ (സ്‌കൈവാക്ക്) നിർമ്മാണോദ്ഘാടനം 16 ശനിയാഴ്ച രാവിലെ 11.30ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ കൈമാറും. അമൃത് മിഷൻ ഡയറക്ടർ ആർ. ഗിരിജ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജോൺ ഡാനിയേൽ, സി.ബി. ഗീത, അഡ്വ. എം.പി. ശ്രീനിവാസൻ, പി. സുകുമാരൻ, കരോളി ജോഷ്വ, പ്രതിപക്ഷ നേതാവ് അഡ്വ. എം. മുകുന്ദൻ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത ജയരാജൻ, കൗൺസിലർമാരായ കൃഷ്ണൻകുട്ടി മാസ്റ്റർ, അനൂപ് ഡേവിസ് കാട, എം.എസ്. സമ്പൂർണ എന്നിവർ പങ്കെടുക്കുമെന്ന് മേയർ അജിതാ വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.