ചാലക്കുടി: ക്ഷീരവികസന വകുപ്പ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച പൂലാനിയിൽ ക്ഷീര കർഷക സംഗമം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വി.ബി. യുപി സ്‌കൂളിൽ രാവിലെ 11ന് ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷയാകും. മിൽമ ചെയർമാൻ പി.എ. ബാലൻ പാലിന്റെ സബ്‌സിഡി വിതരണം നിർവഹിക്കും. മേലൂർ പാഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലൻ, തങ്കമ്മ വർഗീസ്, ഉഷാശശിധരൻ, ജനീഷ് പി.ജോസ്, തോമസ് കണ്ണത്ത്, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല തുടങ്ങിയവർ പ്രസംഗിക്കും. കൂടുതൽ പാലളന്ന കർഷകൻ, കർഷക, പട്ടിക ജാതി കർഷകൻ എന്നിവരെ ആദരിച്ച് അര പവൻവീതം സ്വർണ്ണപ്പതക്കവും സമ്മാനിക്കും.
രാവിലെ 9ന് നടക്കുന്ന കന്നുകാലി പ്രദർശനത്തിൽ നൂറോളം ഉരുക്കളെ പങ്കെടുപ്പിക്കും. തുടർന്ന് ക്ഷീരവികസന സെമിനാറും നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ്, പൂലാനി ക്ഷീര വികസന സമിതി പ്രസിഡന്റ് കെ.എം. രവി, ക്ഷീര വികസന ഓഫീസർ പി.എഫ്. സെബിൻ, ക്ഷീര സംഘം സെക്രട്ടറി പി.പി. ജലജ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.