പുതുക്കാട്: ഒരിടവേളക്ക് ശേഷം പുതുക്കാട് ജംഗ്ഷനിൽ അപകടം. രണ്ട് റിട്ട. അദ്ധ്യാപകർ മരിച്ചതോടെ അടുത്ത അപകടം എന്നെന്നും ഇനി ജീവൻ നഷ്ടമാകുന്നത് ആർക്കെന്നുമുള്ള ചോദ്യം നാട്ടുകാർക്കിടയിൽ സാധാരണമാണ്. ദേശീയപാത നാലുവരിയായി വികസിച്ചതോടെ സെന്ററിൽ അപകടങ്ങൾ വർദ്ധിച്ചു. ഇതോടെ മേൽപ്പാലം വേണമെന്ന് ആവശ്യമുയർന്നു. സിഗ്‌നൽ മതിയെന്ന് മറ്റൊരു വിഭാഗവും. ഇവരുടെ ആവശ്യത്തിന് ഒരു ന്യായീകരണവും ഉയർത്തി. മേൽപ്പാലം വന്നാൽ പുതുക്കാട് കിഴക്കും പടിഞ്ഞാറുമായി വിഭജിക്കും. ബിസിനസ് തകരും, ദേശീയ പാതയിലൂടെ പോകുന്നവർ ഇവിടെ ഇറങ്ങില്ല, പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ പ്രൗഢി നഷ്ടപെടും. അങ്ങിനെയൊക്കെയായിരുന്നു ന്യായീകരണം. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യം മേൽപ്പാലം വേണമെന്നായിരുന്നു. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ, വാഹനങ്ങൾക്ക് പാത സുരക്ഷിതമായി മറി കടക്കാൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ അപകടങ്ങൾ ഇല്ലാതാക്കാൻ ഇതിനെല്ലാം മേൽപ്പാലം തന്നെ വേണം എന്ന ആവശ്യത്തിനായിരുന്നു മുൻതൂക്കം.

........................

അൽപ്പം പുറകിലേക്ക്

ദേശീയ പാത വികസനത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും പുതുക്കാട് നിന്നു് ഒരു നിർദേശവും ദേശീയ പാത അതോററ്റിക്ക് ലഭിച്ചില്ല. ഗ്രാമ പഞ്ചായത്തോ, പുതുക്കാട് നിന്നുള്ള ഒരു നേതാവോ മിണ്ടിയില്ല. പാത വികസനം കഴിഞ്ഞ് അപകടം തുടർക്കഥയായപ്പോൾ പുതുക്കാട് വികസന സമിതിയുടെ പേരിൽ അടിപ്പാത ആവശ്യപെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി വിദഗ്ദ്ധ സംഘത്തെ പഠനത്തിന് നിയോഗിച്ചു. അടിപ്പാതയല്ല, മേൽപ്പാലമാണ് ആവശ്യമെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകി. മേൽപ്പാലം നിർമ്മിക്കുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പ് നൽകി. എന്നാൽ വർഷങ്ങൾ ഒന്നും രണ്ടുമല്ല കഴിഞ്ഞത്. ഇതിനകം 28 ജിവിതങ്ങൾ സിഗ്‌നൽ ജംഗ്ഷനിൽ പൊലിഞ്ഞു. അപകടങ്ങളിൽ പരിക്കേറ്റ് കഴിയുന്നത് അമ്പതോളം പേർ.

ഒരിക്കൽ മേൽപ്പാലത്തിന് സ്ഥലം എറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. പിന്നെ ഒന്നും നടന്നില്ല. ഒടുവിൽ സമരപരമ്പര. തുടർന്ന് എം.എൽ.എ കൂടിയായ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് ബന്ധപെട്ടവരുടെ യോഗം വിളിച്ചു. മേൽപ്പാലം ഉടനെ നിർമ്മിക്കും, അതിന് മുമ്പ് ആമ്പല്ലൂരിലെയും, പുതുക്കാട് ജംഗ്ഷനിലെയും സിഗ്‌നലുകൾ പരിഷ്‌ക്കരിക്കും, റോഡ് മുറിച്ച് കടക്കാൻ പാതക്കു മുകളിലൂടെ നടപ്പാത നിർമ്മിക്കും. പക്ഷെ, ഇതൊക്കെ പാഴ്‌വാക്കായി. ദേശീയപാത ജംഗ്ഷനിലെ തിരക്ക് കുറക്കാൻ ഉപകരിക്കുമായിരുന്ന പള്ളിക്കു മുന്നിലൂടെയുള്ള ദേശീയപാത പഞ്ചായത്ത് ഓഫീസിനടത്തുചേരുന്ന പുളിക്കൽ റോഡ് അടച്ചു കെട്ടിയത് തുറന്നുകൊടുക്കാൻ പോലും ആർക്കും ആയില്ല. ഇവിടെ അപകടങ്ങൾ തുടരും. ആരൊക്കെ മരിക്കും എന്നുള്ള ഭീതിമാത്രമാണ് ഇനി...