ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്കു നാളെ തുടക്കമാകും. മണ്ഡലകാലം തുടങ്ങുന്നതോടെ ഗുരുവായൂരപ്പന് വിശേഷമായി പഞ്ചഗവ്യ അഭിഷേകം ആരംഭിക്കും. 40 ദിവസം ഉച്ചപൂജയ്ക്കു മുമ്പായി ഗുരുവായൂരപ്പനു പ്രത്യേകം തയാറാക്കിയ പഞ്ചഗവ്യം അഭിഷേകം ചെയ്യും. തന്ത്രിയോ ഓതിക്കനോ ചടങ്ങ് നിർവഹിക്കും.
ഗുരുവായൂരപ്പന് വേദ മന്ത്രധാരയും നാളെ രാവിലെ തുടങ്ങും. രാവിലെ ശീവേലിക്കു ശേഷമാണ് വേദമന്ത്രധാര. 41-ാം ദിവസം കളഭാഭിഷേകത്തോടെ മണ്ഡലപൂജ സമാപിക്കും. ഗുരുവായൂരപ്പനു ദിവസവും കളഭം ചാർത്തലുണ്ടെങ്കിലും അഭിഷേകം നടത്തുന്നത് വർഷത്തിലൊരിക്കൽ മാത്രമാണ്. മണ്ഡലം അവസാനം നടക്കുന്ന ഈ കളഭാട്ടം കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണു നടത്തുന്നത്. വൃശ്ചികം ഒന്നു മുതൽ മുപ്പതു ദിവസം വിശേഷാൽ വാദ്യങ്ങളോടെയാണ് ക്ഷേത്രത്തിൽ ശീവേലി.
സാധാരണ ദിവസങ്ങളിൽ മൂന്നു പ്രദക്ഷിണം നടത്തുന്ന ശീവേലി മുപ്പതു ദിവസം അഞ്ച് പ്രദക്ഷിണവുമുണ്ടാകും. ഇടുതുടി, വീരാണം എന്നീ വിശേഷ വാദ്യങ്ങൾ ശീവേലിക്ക് അകമ്പടിയാകും. ഇടുതുടി, വീരാണം എന്നിവ മണ്ഡലക്കാല ശീവേലിയുടെ മാത്രം പ്രത്യേകതയാണ്. ക്ഷേത്രത്തിൽ മണ്ഡലശുദ്ധി ചടങ്ങുകൾക്ക് ഇന്നലെ തുടക്കമായി. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം പ്രാസാദശുദ്ധി, വാസ്തഹോമം, വാസ്തുകലശം, വാസ്തുബലി ചടങ്ങുകൾ നടന്നു. ചടങ്ങുകൾ ഇന്നും തുടരും.
ശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ ശീവേലിക്കുശേഷം പത്തുവരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. രാവിലെ ശീവേലിക്കു ശേഷം ബിംബശുദ്ധി, കലശപൂജ, അഭിഷേക ചടങ്ങുകളാണ്. വൃശ്ചികം ഒന്നായ നാളെ പന്തീരടി പൂജയ്ക്ക് ശേഷം 25കലശാഭിഷേകം, പഞ്ചഗവ്യാഭിഷേകം എന്നിവ ക്ഷേത്രം തന്ത്രി നിർവഹിക്കും.