ഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിനായി നാളെ മുതൽ പ്രത്യേക വരി സംവിധാനം ഒരുക്കും. കിഴക്കേനടയിൽ ജനറൽ ക്യൂവിന് സമീപത്തായാണ് ശബരിമല തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കുന്നത്. അന്യദിക്കിൽ നിന്നുമെത്തുന്ന അയ്യപ്പ ഭക്തർക്ക് ജനറൽ ക്യൂവിൽ നിന്നും ദർശനം നടത്തി മടങ്ങുവാൻ സമയമെടുക്കുമെന്നതിനാലാണ് പ്രത്യേക വരി ഒരുക്കുന്നത്. ശബരിമല സീസണിൽ ക്ഷേത്ര നട വൈകിട്ട് ഒരു മണിക്കൂർ നേരത്തേയും തുറക്കും. സാധാരണ ദിവസങ്ങളിൽ വൈകീട്ട് നാലരയ്ക്ക് തുറക്കുന്ന ക്ഷേത്ര നട ശബരിമല തീർത്ഥാടകർക്ക് ദർശന സൗകര്യമൊരുക്കുന്നതിനായാണ് വൈകീട്ട് മൂന്നരയ്ക്ക് തുറക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തർക്കായി വിപുലമായ അന്നദാനവും ദേവസ്വം നാളെ മുതൽ ഒരുക്കിയിട്ടുണ്ട്.