കൊടുങ്ങല്ലൂർ: 1896ലെ മലബാർ ലാൻഡ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം നികുതി ഒഴിവാക്കിയ ഭൂമികളായി പ്രഖ്യാപിച്ചിരുന്ന ഭൂമികൾക്ക് ഈ കാലഘട്ടത്തിലും കരം അടച്ചു കൊടുക്കുവാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ വ്യക്തമാക്കി. ഇത്തരം ഭൂമികളിൽ കരം സ്വീകരിക്കാനുള്ള നിർദ്ദേശം നൽകണമെന്ന എം.എൽ.എയുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം. മലബാറിൽ 1888-1904 കാലഘട്ടത്തിൽ നടന്ന സർവേ സെറ്റിൽമെന്റ് രജിസ്റ്ററിൽ ഭൂമിയെ നഞ്ച, തോപ്പ്, പുഞ്ച, സ്ഥിരം പുഞ്ച നികുതി കിട്ടാത്തത് ( നികുതി കെട്ടാത്തത്) എന്നിങ്ങനെ തരം തിരിച്ചിരിന്നു. അക്കാലത്ത് ഭൂമിയിൽ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത് ആയതിനാൽ വരുമാനം ലഭിക്കാത്ത കുളങ്ങൾ, പാറകൾ, ആരാധനാലയങ്ങൾ ചതുപ്പുകൾ എന്നിവയെ നികുതിയിൽ നിന്നും ഒഴിവാക്കിയിരുന്നു.