തൃശൂർ: കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് സ്‌കൂൾ വാൻ തടഞ്ഞ് ഡ്രൈവറെയും വനിതാ ആയയെയും ആക്രമിച്ച കേസിലെ രണ്ടു പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി കൊഴുക്കുള്ളി കൈതാരത്ത് വീട്ടിൽ ഷാജു(40), രണ്ടാംപ്രതി അയ്യന്തോൾ പടിഞ്ഞാറെ കോട്ട തറയിൽ വീട്ടിൽ സന്തോഷ് (48) എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്. പുത്തൂരിലെ ഗാർഡിയൻ ഏഞ്ചൽസ് സ്‌കൂൾ വാനിന്റെ ഡ്രൈവറും കാർ ഡ്രൈവറായിരുന്ന ഒന്നാംപ്രതിയും തമ്മിൽ കൊഴുക്കുള്ളിയിൽ കഴിഞ്ഞ 30 ന് തർക്കമുണ്ടായിരുന്നു. പിറ്റേന്ന് അതിന്റെ വിരാേധത്തിൽ, വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ വാനിനെ ബൈക്കിൽ പിന്തുടർന്ന് ഇലഞ്ഞിക്കുളത്തിനടുത്ത് നടുറോഡിൽ തടയുകയായിരുന്നു.
ബൈക്ക് കുറുകെ നിറുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു. തടയാൻ ചെന്ന ആയ വാൻ ഡ്രൈവറുടെ ഭാര്യ സിന്ധുവിനെയും മർദ്ദിച്ചു. ഏഴോളം സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപികയുമാണ് വാനിലുണ്ടായിരുന്നത്. ഭയന്ന കുട്ടികൾ ഉച്ചത്തിൽ കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി.
ഇതിനിടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. സ്‌കൂൾബസ് ബോംബ് വെച്ചു തകർക്കുമെന്നു ഭീഷണിയും മുഴക്കിയാണ് സ്ഥലം വിട്ടത്. ഇതിനു ശേഷം ഒളിവിൽ പോയ പ്രതികളെ മണ്ണുത്തി എസ്.ഐ: പി .എം രതീഷും സി.പി.ഒമാരായ സൈജു, സഹദ് എന്നിവരും ചേർന്ന് കൊഴുക്കുള്ളിയിൽ നിന്നും അയ്യന്തോളിൽ നിന്നുമാണ് പിടിച്ചത്. വിദ്യാർത്ഥികളുടെ പേരിൽ സ്‌കൂൾ അധികൃതരും പരാതി നൽകിയിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.