വാടാനപ്പിള്ളി: ദേശീയപാത 66 ഏങ്ങണ്ടിയൂർ എത്തായിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. മരത്തിലിടിച്ച കാറിൽ ബൈക്ക് ഇടിച്ചുകയറി. സംഭവത്തിൽ 7 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ വടക്കേക്കാട് സ്വദേശികളായ മങ്കുളങ്ങര ഷഫീഖ് (42), ഭാര്യ മുഹ്സിന (35), മകൻ നസീം (10) കാറിലുണ്ടായിരുന്ന എടശ്ശേരി സ്വദേശി രായംമരക്കാർ വീട്ടിൽ മീൻഹജ് ( 18), പാവറട്ടി തോലപ്പറമ്പിൽ വിഷ്ണു (18), ഏങ്ങണ്ടിയൂർ എലൈറ്റ് പടി ശ്രീജിത്ത് (19), അഭിജിത്ത് (19) എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. വാടാനപ്പിള്ളിയിൽ നിന്ന് ചേറ്റുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാതക്കരികിലെ മരത്തിലിടിക്കുകയായിരുന്നു. മരത്തിലിടിച്ച കാറിൽ എതിരെ വരികയായിരുന്ന കുടുംബം സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗവും ബൈക്കും പൂർണ്ണമായും തകർന്നു. ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.