മാള: വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു താലിമാലയടക്കമുള്ള ആഭരണങ്ങളുമായി കാമുകനൊപ്പം പോയി. താലി അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നൽകിയ ഒരു പവന്റെ വളയുമായാണ് വധു മുങ്ങിയത്.

കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയാണ് യുവതി. മാള സ്വദേശിയാണ് യുവാവ്. നവംബർ 10ന് വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവർ. തുടർന്ന് ഇരുവരും കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വരന്റെ കാറിൽ പോയി. പിറ്റേന്നാണ് വീട്ടിലെത്തിയ കാമുകനൊപ്പം വധു മുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസിൽ വരൻ പരാതി നൽകി. യുവതിയെ മറ്റൊരു യുവാവുമായി ഒളിച്ചോടിയ ശേഷം കസ്റ്റഡിയിലെടുത്തിരുന്നതായി പൊലീസ് അറിയിച്ചെന്ന് യുവാവ് പറഞ്ഞു.

നഷ്ടപരിഹാരം ആവശ്യപ്പെട്ടും വഞ്ചനാക്കുറ്റം ചുമത്തിയും കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് യുവാവ്. തിരുവനന്തപുരത്ത് ഹോട്ടൽ മാനേജരായ ഇയാൾ സമുദായത്തിന്റെ ബുക്ക്‌ലെറ്റ് വഴിയാണ് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ വിവാഹ നിശ്ചയത്തിനുശേഷം ഫോണിലൂടെ സംസാരിക്കുകയും വാട്‌സ് ആപിലൂടെ സ്ഥിരമായി ചാറ്റ് ചെയ്യാറുമുണ്ടായിരുന്നു. വീട്ടിൽ വന്നശേഷം യുവാവ് വാങ്ങിക്കൊടുത്ത ഏഴായിരം രൂപയുടെ വസ്ത്രങ്ങളും കൊണ്ടുപോയി. വിവാഹശേഷം ബന്ധുവീടുകളിൽ വിരുന്നിനുപോയ ശേഷം നിരവധി സ്ഥലങ്ങളിൽ ഒരുമിച്ച് ചുറ്റാനും ചിത്രങ്ങൾ എടുക്കാനും പോയിരുന്നു. മേക്കപ്പ് സാധനങ്ങൾ തിരിച്ചുകൊടുക്കാൻ കോതമംഗലത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് വഴിയിൽ കാറുമായി കാമുകൻ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തിരിച്ച് ഇവർ വീട്ടിലെത്തി ഒരു മണിക്കൂറിനകം കാറുമായി കാമുകൻ എത്തുകയായിരുന്നു.