പെരിങ്ങോട്ടുകര : നാട്ടിക, കയ്പ്പമംഗലം, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന അഴിമാവ് പാലം യാഥാർത്ഥ്യത്തിലേക്ക്. 19 കോടി രൂപ ഇതിനായി സംസ്ഥാന സർക്കാർ അനുവദിച്ചു. അഴിമാവ് കടവിൽ കനോലി കനാലിന് കുറുകെ 362 മീറ്റർ നീളത്തിലും12 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന് ഒരു നാവിഗേഷൻ സ്പാൻ ഉൾപ്പെടെ ഏഴ് സ്പാനുകളും നടപ്പാതയും ഉണ്ടാകും. കെ.പി രാജേന്ദ്രൻ റവന്യൂ മന്ത്രിയായിരിക്കെയാണ് പാലത്തിന്റെ രൂപകൽപന തയ്യാറായത്.
ഈ സർക്കാരാണ് ടെൻഡർ നടപടി ഉൾപ്പെടെ പൂർത്തിയാക്കിയത്. ചെറിയാൻ വർക്കി കമ്പനിയെയാണ് നിർമ്മാണം ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
നിർമ്മാണ കരാറിൽ ഏർപ്പെടുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തി. കോൺക്രീറ്റ് മിക്സ് ഉൾപ്പെടെ നിർമ്മാണത്തിനാവശ്യമായ സാമാഗ്രികൾ നിർമ്മിക്കാനും നിർമ്മാണ കേന്ദ്രത്തിലേക്ക് എത്തിക്കാനുമുള്ള സ്ഥലങ്ങളുടെ പരിശോധനയാണ് വെള്ളിയാഴ്ച രാവിലെ നടന്നത്.
രണ്ട് കേന്ദ്രങ്ങളാണ് ഇതിനായി കണ്ടെത്തിയത്. ഗീതാഗോപി എം.എൽ.എയ്ക്ക് പുറമേ ആർ.ബി.സി.കെ ജനറൽ മാനേജർ അലക്സ് ജോസഫ്, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രതി അനിൽകുമാർ, ജനപ്രതിനിധികളായ മിനി ജോസ്, ഷീബ രാമചന്ദ്രൻ, മീന സുനിൽ കുമാർ തുടങ്ങിയവർ സ്ഥലം പരിശോധനയ്ക്ക് നേതൃത്വം നൽകി. കരാർ നിലവിൽ വരുന്ന മുറയ്ക്ക് 15 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. പാലം യാഥാർത്ഥ്യമായാൽ തീരദേശ ഹൈവേയ്ക്ക് ബദലായ മാർഗ്ഗമായി ഇത് മാറും.