കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയും നഗരസഭയും ചേർന്ന് നഗരസഭ പരിധിയിലെ വീടുകളിൽ ചെന്ന് ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ പാലിക്കേണ്ട നിബന്ധനകൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യാനാരംഭിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാരും ആശാ പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് നഗരത്തിലെ 20,000 ഓളം വീടുകൾ കയറിയിറങ്ങുന്നത്. രോഗം വരാതിരിക്കാനും പടർന്ന് പിടിക്കാതിരിക്കുന്നതിനുമുള്ള പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങളാണ് ലഘുലേഖയിലുള്ളത്. മാസത്തിലൊരിക്കൽ കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം കുടിക്കേണ്ടതും കക്കൂസ് ശുചിത്വത്തോടെ ഉപയോഗിക്കേണ്ടതും മറ്റും ലഘുലേഖയിൽ ലളിതമായ ഭാഷയിൽ ചേർത്തിട്ടുണ്ട്. ബോധവത്കരണത്തിലൂടെ ശുചിത്വ ആരോഗ്യമാലിന്യ സംസ്‌ക്കരണ ശീലങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ കഴിയുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, ആശുപത്രി സൂപ്രന്റ് ഡോ. ടി.വി റോഷ് എന്നിവർ പറഞ്ഞു.