തൃശൂർ: അമൃത് പദ്ധതിയുടെ ഭാഗമായി തൃശൂർ മുനിസിപ്പൽ കോർപറേഷൻ ശക്തൻ നഗറിൽ നിർമ്മിക്കുന്ന ആകാശപാതയുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. പദ്ധതി നിർമ്മാണത്തിനുളള കരാർ രേഖയും മന്ത്രി കൈമാറി. ശക്തൻ നഗറിൽ നടന്ന പരിപാടിയിൽ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു.

തൃശൂർ നഗരത്തിന്റെ സ്വപ്ന പദ്ധതിയാണ് ആകാശ നടപ്പാതയെന്നും, നടപ്പാതാ നിർമ്മാണം പൂർത്തിയാകുന്നതോടെ തൃശൂർ നഗരത്തിന് പുതിയ മുഖം കൈവരുമെന്നും മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. അഞ്ചര കോടി രൂപ ചെലവിലാണ് ആകാശപാത നിർമ്മിക്കുക. ഓൾഡ് പട്ടാളം - ശക്തൻ തമ്പുരാൻ നഗർ റോഡ്, വെസ്റ്റ്‌ റിംഗ് റോഡ്, ശക്തൻ തമ്പുരാൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് ശക്തനിലെ റൗണ്ട് എബൗട്ടിന് ചുറ്റുമായി ആകാശപാത നിർമ്മിക്കുന്നത്.

എട്ട് മാസത്തിനുളളിൽ പണി തീർക്കുമെന്ന് കരാറുകാരനായ മുഹമ്മദ് ബുഖാരി ഉറപ്പ് നൽകി. അർബൻ പ്ലാനർ പി. ജെ റഹ്മത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ അംഗങ്ങളായ പി. സുകുമാരൻ, വർഗ്ഗീസ് കണ്ടംകുളത്തി, എം.എസ് സമ്പൂർണ്ണ, മുൻമേയർ അജിത ജയരാജൻ, കൃഷ്ണൻകുട്ടി മാസ്റ്റർ, അനൂപ് ഡേവീസ് കാട, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ റാഫി പി ജോസ് സ്വാഗതവും അസി. എൻജിനിയർ ഡിറ്റോദാസ് നന്ദിയും പറഞ്ഞു.

വൃത്താകൃതി

റോഡ് നിരപ്പിൽ നിന്നും ആറ് മീറ്റർ ഉയരം

279 മീറ്റർ ചുറ്റളവിൽ പാത

3 മീറ്റർ വീതിയുളള പാത

4 വശങ്ങളിൽ നിന്നായി 8 കവാടം

പടവുകൾക്ക് 2 മീറ്റർ വീതം വീതി

60 സെന്റിമീറ്റർ വ്യാസമുളള 16 കോൺക്രീറ്റ് തുണുകളിൽ പാത