തൃശൂർ: ദേശിയ പാത 544 ലെ മണ്ണുത്തി- വടക്കഞ്ചേരി ഭാഗത്തെ ഗതാഗതക്കുരുക്ക് താത്കാലികമായെങ്കിലും പരിഹരിക്കാൻ 90 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ തുരങ്കം തുറന്നുകൊടുക്കണമെന്ന് എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. താത്കാലികമായി അഞ്ചു മീറ്റർ ഇടവിട്ട് തുരങ്കത്തിൽ ഇരുഭാഗങ്ങളിലുമായി എൽ.ഇ.ഡി ട്യൂബ് ലൈറ്റുകൾ സ്ഥാപിക്കുക. 800 കെ.വിയുടെ ജനറേറ്റർ, ട്രാഫിക്ക് നിയന്ത്രിക്കാൻ ആവശ്യമായ ട്രാഫിക്ക് പൊലീസ് സംവിധാനം, എന്നിവ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വന്തം നിലയിൽ സ്ഥാപിക്കണം.

ശബരിമല തീർത്ഥാടനം ആരംഭിച്ച സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഏറാൻ സാദ്ധ്യതയുണ്ട്. തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് വനം, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർ വ്യത്യസ്തമായി വിളിച്ച് ചേർത്തിരിക്കുന്ന ഉന്നതല യോഗങ്ങൾ ഒന്നിച്ച് ചേരുന്നതാക്കി മാറ്റണമെന്നും ഈ കാര്യത്തിൽ കോ-ഓർഡിനേഷൻ ഉണ്ടാക്കണമെന്നും എം.പിമാർ നിർദ്ദേശിച്ചു.