കയ്പ്പമംഗലം: സ്‌കൂൾ കലോത്സവ സംഘാടകരുടെ അനാസ്ഥ മൂലം മത്സാരാർത്ഥിക്ക് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായി. മതിലകത്ത് നടന്ന കൊടുങ്ങല്ലൂർ ഉപ ജില്ല കലോത്സവം ലളിതഗാന മത്സരത്തിൽ പങ്കെടുത്ത മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഐറിൻ തെരേസക്കാണ് ഒഫീഷ്യൽസിന്റെയും, വിധികർത്താക്കളുടെയും അനാസ്ഥ മൂലം ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപെട്ടത്. കുട്ടി മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഒഫീഷ്യൽസ് ഓരോ വിധികർത്താക്കളുമായി പരസ്പരം സംസാരിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ കോഡ് നമ്പർ രേഖപെടുത്താൻ വിട്ടുപോയതോടെ കർട്ടൻ വലിക്കുന്ന കുട്ടിയോടാണ് ഇത് അന്വേഷിച്ചത്. കർട്ടൻ വലിച്ചയാൾ പറഞ്ഞു കൊടുത്ത നമ്പർ തെറ്റായതു കൊണ്ട് മത്സര ഫലവും തെറ്റിയാണ് പ്രഖ്യാപിച്ചത്.

കുട്ടിയും രക്ഷിതാക്കളും സംഘാടകരുമായി സംസാരിച്ചപ്പോൾ അബദ്ധം സംഭവിച്ചതാണെന്നും, ജില്ലയിലേക്കുള്ള അവസരം നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ അപ്പീൽ തീരുമാനം വന്നപ്പോൾ മത്സരാർത്ഥിയായ കുട്ടിയെ പരിഗണിച്ചില്ല. ഈ കാര്യങ്ങൾ അപ്പലേറ്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ സംഘാടകർ പെടുത്തിയില്ല. അനാസ്ഥക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും, നീതികിട്ടാൻ കോടതിയെ സമീപിക്കുകയാണെന്നും രക്ഷിതാക്കളും പി.ടി.എയും, അദ്ധ്യാപകരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ മത്സരാർത്ഥിയായ ഐറിൻ തെരേസ, പിതാവ് ജോയ് കല്ലറക്കൽ,സ്‌കൂൾ പ്രധാന അദ്ധ്യാപകൻ വി.കെ മുജീബ് റഹ്മാൻ, അദ്ധ്യാപിക സി.എ തസ്‌നീം, പി.ടി.എ പ്രസിഡന്റ് ഇ.സി ജീവാനന്ദൻ എന്നിവർ പങ്കെടുത്തു...