കയ്പ്പമംഗലം: കോച്ചിംഗ് സെന്ററുകളിൽ മാത്രം പോയാൽ പോരാ , പരന്ന വായനയുണ്ടെങ്കിൽ മാത്രമേ സിവിൽ സർവ്വീസ് ലഭിക്കുകയുള്ളൂവെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. കയ്പ്പമംഗലം മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ സുമേധയുടെ ആഭിമുഖ്യത്തിൽ ദ്വിദിന സിവിൽ സർവീസ് സെമിനാറിന്റെ ഉദ്ഘാടനം പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസിനായി ശ്രമം മാത്രം പോരാ.
കിട്ടുന്നതു വരെ പരിശ്രമം തുടരണം. എല്ലാ വിഷയത്തിലും നല്ല അറിവും ധാരണയും ഉണ്ടെങ്കിൽ ഒരു രാഷ്ട്രീയക്കാരന്റെയും സ്വാധീനമില്ലാതെ സിവിൽ സർവീസുകാരന് എതു മേഖലകളിലും കയറിച്ചെല്ലാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ അബീദലി മുഖ്യാതിഥിയായി. ചാലക്കുടി ഡിവിഷൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ കിരൺ ടി അശോക് അവാർഡ് ദാനം നടത്തി. മതിലകം ബി.പി.ഒ ടി.എസ്. സജീവൻ മാസ്റ്റർ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, സുമേധ കൺവീനർ ഇ.ആർ ഷീല എന്നിവർ പങ്കെടുത്തു.