തൃശൂർ: കോർപറേഷനിൽ കെട്ടിടനികുതിയിൽ 10 ശതമാനം സേവനനികുതി ഏർപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു. പലവട്ടം മാറ്റിവച്ച അജൻഡ ഓഡിറ്റ് പരാമർശത്തെ തുടർന്നു സ്‌പെഷ്യൽ കൗൺസിൽ യോഗത്തിലാണ് പരിഗണിച്ചത്.
കെട്ടിട നികുതി അടക്കം ഇതോടെ വർദ്ധിക്കും. 2016 മുതലുള്ള തുകയാണ് ഈടാക്കുക. സേവന നികുതി വർദ്ധിപ്പിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ഇക്കാര്യത്തിൽ അജൻഡ ഉണ്ടായിരുന്നുവെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. സേവന നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാത്ത പക്ഷം കൗൺസിൽ അംഗങ്ങൾക്കും ബാദ്ധ്യതയുണ്ടാകുമെന്നു ഭരണപക്ഷം ചൂണ്ടിക്കാട്ടി.
നഗരത്തിലെ മുഴുവൻ കെട്ടിട ഉടമകളും നിലവിലുള്ള നികുതിയുടെ 10 ശതമാനം അധികം നൽകണം. തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി പരിഷ്‌കരണത്തിനായിരുന്നു 2011ലെ സർക്കാർ ഉത്തരവ്. നികുതി പരിഷ്‌കാരം നടപ്പാക്കിയശേഷം നികുതിയുടെ 10 ശതമാനം വരുന്ന തുകയെങ്കിലും സേവന നികുതിയിനത്തിൽ ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ 2011ലെ ഉത്തരവനുസരിച്ചുള്ള നികുതി പരിഷ്‌കാരം കോർപറേഷനിൽ നടപ്പാക്കിയിട്ടില്ല. പുതിയ കെട്ടിടങ്ങൾക്ക് മാത്രമേ പുതുക്കിയ നിരക്ക് ചുമത്തിയിട്ടുള്ളൂ. പരിഷ്‌കരിച്ച നികുതി നിരക്ക് കൗൺസിൽ നിശ്ചയിച്ചിട്ടുമില്ല.
സേവനങ്ങൾ നൽകാതെ പത്ത് ശതമാനം സേവനനികുതി ചുമത്താനുള്ള തീരുമാനം അധികഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ, ജോൺ ഡാനിയൽ, എ. പ്രസാദ് എന്നിവർ പറഞ്ഞു. സന്തുലിത വികസനവും സേവനവും ഉണ്ടാകുന്നതു വരെ സേവന നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്കു കത്ത് നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡ്രെയിനേജ് സൗകര്യമില്ലെന്ന പേരിൽ കെട്ടിടങ്ങൾക്കു സേവനനികുതി ഒഴിവാക്കി നൽകാനാകുമെന്നായിരുന്നു പ്രതിപക്ഷ വാദം.
പുതിയതായി ഏർപ്പെടുത്തുന്ന സേവനങ്ങൾക്കാണ് സേവന നികുതി ചുമത്തേണ്ടത്. പുതിയതായി സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ അധിക നികുതിയായി വസ്തു നികുതിയൊടെപ്പം പത്ത് ശതമാനം സേവന നികുതി ഏർപ്പെടുത്തുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷം അറിയിച്ചു.