തൃശൂർ: മലയാള കൈരളിയുടെ സാംസ്‌കാരിക ഈടുവെപ്പുകളുടെയും സകലകലകളുടെയും സാഹിത്യ ഇടപെടലുകളുടെയും അത്താണിയായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അപ്പൻ തമ്പുരാന്റെ ഓർമ്മകൾക്ക് 78 വയസ്. ഐക്യകേരളമെന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കാൻ പ്രയ്തനിക്കുകയും സാഹിത്യം, സംഗീതം, നാട്യകല, ചിത്രമെഴുത്ത്, അച്ചടി, പ്രസിദ്ധീകരണം, പത്രപ്രവർത്തനം തുടങ്ങി സമസ്ത മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകുകയും ചെയ്ത അപ്പൻ തമ്പുരാന്റെ അനുസ്മരണം ചൊവ്വാഴ്ച രാവിലെ 10 ന് അയ്യന്തോളിൽ നടക്കും. അപ്പൻ തമ്പുരാൻ വസതിയും ഇപ്പോൾ കേരള സാഹിത്യ അക്കാഡമിയുടെ ആനുകാലിക ഗ്രന്ഥാലയവുമായി പ്രവർത്തിക്കുന്ന കുമാര മന്ദിരപരിസരത്താണ് അനുസ്മരണ ചടങ്ങ്. രാമവർമ്മ അപ്പൻ തമ്പുരാൻ സമാധിയിൽ സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. അപ്പൻ തമ്പുരാന്റെ സ്മരണാർത്ഥം ഇന്ത്യൻ തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതി വഴി ശക്തൻ തമ്പുരാൻ കോളേജ് പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും അന്ന് നടക്കും.
കുമാര മന്ദിരം ഗവേഷകരുടെ ഇഷ്ടകേന്ദ്രം
സാഹിത്യ അക്കാഡമിയുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ലൈബ്രറി
പതിനായിരത്തിലേറെ ആനുകാലിക ശേഖരങ്ങളുളള ഗ്രന്ഥശാല
വിശേഷാൽ പതിപ്പുകളും വിവിധ സാഹിത്യകാരന്മാരുടെ പുസ്തക ശേഖരങ്ങളും
അപ്പൻ തമ്പുരാന്റെ പഠനശേഖരങ്ങളും ഗവേഷണകുറിപ്പുകളും മാപ്പുകളും സ്കെച്ചുകളും അനുബന്ധ ഉപകരണങ്ങളും
ആദ്യകാല മാസികകളായ മംഗളോദയം, ഉണ്ണിനമ്പൂതിരി, മിതവാദി, സഹോദരൻ, വിദ്യാവിനോദിനി തുടങ്ങി മാസികാശേഖരം
കേരളവർമ്മ വലിയകോയി തമ്പുരാൻ, ജോസഫ് മുണ്ടശ്ശേരി, ആറ്റൂർ കൃഷ്ണപിഷാരടി, ടി.എൻ ചുമ്മാർ, പി.എ മേനോൻ, കാറളം ബാലകൃഷ്ണൻ, ജി. കുമാരപിള്ള തുടങ്ങിയവരുടെ പുസ്തകശേഖരവും വസ്തുക്കളും