തൃശൂർ: വൃശ്ചികം പിറന്നതോടെ തൃശൂർ ഗുരുവായൂർ റോഡിലും തൃശൂർ പാലക്കാട് ദേശീയപാതയിലും ശബരിമല തീർത്ഥാടകരെ കാത്തിരിക്കുന്നത് വൻകുഴികളും പണിതീരാത്ത റോഡും തുറക്കാത്ത ബസ് സ്റ്റാൻഡും ഗതാഗതക്കുരുക്കും. കർണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്താറുള്ളത്.

രാപ്പകലില്ലാതെയുള്ള തീർത്ഥാടകരുടെ യാത്ര ഈയാണ്ടിൽ അത്ര എളുപ്പമാവില്ല. ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും ഒരു ബസ് പോലും കയറാത്ത, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുളള ബസ് സ്റ്റാൻഡ് നിലകൊള്ളുന്ന കേച്ചേരിയിലാണ് രാവിലെയും വൈകിട്ടും വൻ ഗതാഗതക്കുരുക്കുള്ളത്. അവധിദിനങ്ങളിൽ കൈപ്പറമ്പ് മുതൽ വാഹനങ്ങളുടെ നീണ്ട നിര കാണാം.

പൂങ്കുന്നം മുതൽ പുഴയ്ക്കൽ പെട്രോൾ പമ്പ് വരെ രണ്ടുവരിപ്പാതയാണ്. ഇവിടെയും വാഹനങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്. പുഴയ്ക്കൽ പഴയ പാലത്തിലും വലിയ കുഴികളുണ്ട്. പേരാമംഗലത്തും മുണ്ടൂരിലും കൈപ്പറമ്പിലുമെല്ലാം കുഴികൾ താത്കാലികമായി അടച്ചെങ്കിലും അപകടസാദ്ധ്യത ഒഴിഞ്ഞിട്ടില്ല. മുണ്ടൂർ മുതൽ പുറ്റേക്കര വരെയും കൈപ്പറമ്പ് മുതൽ കുന്നംകുളം വരെയും രണ്ടുവരിപ്പാതയാണ്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ നാലുവരിപ്പാത നിർമ്മാണം മുടങ്ങിയതാണ് കാരണം.

കേച്ചേരിയിലെ കുരുക്ക് കടന്ന് പാറന്നൂർ പാടത്തെത്തിയാൽ കുഴികളുടെ നിരയാണ്. രാത്രികാലങ്ങളിൽ ബൈക്കുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത് തന്നെ തലനാരിഴയ്ക്കാണ്. കഴിഞ്ഞ ദിവസം മുണ്ടൂർ പെട്രോൾ പമ്പിന് മുന്നിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഈ വിവരം അനിൽ അക്കര എം.എൽ.എ നിയമസഭയിൽ പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് റോഡിലെ കുഴികൾ അടയ്ക്കുന്നതിന് മന്ത്രി ജി. സുധാകരൻ പൊതുമരാമത്ത് എക്‌സി. എൻജിനീയർക്ക് നിർദ്ദേശം നൽകിയത്. പൂങ്കുന്നം മുതൽ ചൂണ്ടൽ വരെയുള്ള റോഡിലെ കുഴികൾ എസ്.എൽ.ടി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി താത്കാലിക കുഴിയടയ്ക്കൽ നടത്തിയെങ്കിലും അത് ഫലപ്രദമായിട്ടില്ല. ഒക്ടോബർ 31 നകം കുഴികൾ അടക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നുവെങ്കിലും നടപ്പിലായിരുന്നില്ല.

റീ ടാറിംഗ് വരും

'' ഈ സംസ്ഥാന പാതയിൽ റീ ടാറിംഗ് ഉടനെ ഉണ്ടാകും. റീബിൽഡ് കേരളയിൽ ഇരുപത് കോടി അനുവദിച്ചിട്ടുണ്ട്. മുതുവറ മുതൽ മുണ്ടൂർ വരെ ടെൻഡർ കഴിഞ്ഞു. ചെറിയ അറ്റകുറ്റപ്പണികൾക്ക് കരാറുകാർ തയ്യാറാകാത്ത പ്രശ്‌നവുമുണ്ട്. പണം യഥാസമയം കിട്ടാത്തതാണ് പ്രശ്‌നം.''

അനിൽ അക്കര എം.എൽ.എ

കേച്ചേരി ബസ് സ്റ്റാൻഡ് :

75 ലക്ഷം നിർമ്മാണച്ചെലവ്
50 ലക്ഷം ടെർമിനലിന്
25 ലക്ഷത്തിന് അനുബന്ധ റോഡുകൾ


ഉദ്ഘാടനം:

2015 മാർച്ച്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ആക്ഷേപങ്ങൾ:

1. സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് വീതിയില്ല
2. സർവ്വീസ് ആരംഭിക്കുന്ന ബസുകളും ഉപയോഗിക്കുന്നില്ല.
3. കാടുപിടിച്ചും സാമൂഹിക വിരുദ്ധർ താവളമാക്കിയും നശിക്കുന്നു
4. സ്റ്റാൻഡിൽ കച്ചവടം ആരംഭിച്ച വ്യാപാരികൾ ദുരിതത്തിൽ..