മാള: അന്നമനട പഞ്ചായത്തിലെ കുമ്പിടിയിൽ അന്നമനട ഫാർമേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്പൈസസ് പാർക്കിൻ്റെ ഒന്നാം ഘട്ടം പ്രവർത്തനം തുടങ്ങി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ടി. യു രാധാകൃഷ്ണൻ യന്ത്രങ്ങളുടെ സ്വിച്ച് ഓൺ നടത്തി. പഞ്ചായത്ത് അംഗങ്ങളായ ബേബി പൗലോസ്, കെ.കെ രവി നമ്പൂതിരി, എൻ.കെ ജോഷി, ജോർജ്, ഇ.എം. ഷിലിൻ, പി.പി ഡേവിസ് എന്നിവർ സംസാരിച്ചു.
പൂർണ്ണമായും പ്രവർത്തന സജ്ജമാകുമ്പോൾ ജാതിക്കായ്, നാളികേരം, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയെല്ലാം നേരിട്ടു സംഭരിക്കുന്നതിനും അവ ശാസ്ത്രിയമായി സംസ്കരിച്ച് തനത് രൂപത്തിലും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുകയുമാണ് ലക്ഷ്യമിടുന്നത്. കമ്പനി മാനേജ്മെൻ്റിനൊപ്പം കർഷകർക്ക് കൂടി ലാഭമുണ്ടാക്കുന്ന സ്ഥാപനം സവിശേഷ ശ്രദ്ധ ആകർഷിക്കുന്നതാണെന്നും ഇതിന് പ്രോത്സാഹനം നൽകുമെന്നും ബെന്നി ബെഹനാൻ അറിയിച്ചു.