തൃശൂർ: കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സർക്കാരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും നടത്തി വരുന്ന വൈഗ കൃഷി ഉന്നതി മേളയ്ക്ക് തൃശൂർ സ്ഥിരം വേദിയാകും. 2020 ജനുവരി 4 മുതൽ 8 വരെ തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിലാണ് നാലാമത് വൈഗ കാർഷിക ഉന്നതി മേള. കാർഷിക സർവകലാശാലയുടെ ആസ്ഥാനം തൃശൂർ ആയതാണ് ഇവിടെ സ്ഥിരം വേദിയാക്കുന്നതിലെ പ്രധാന ഘടകം. മൂല്യ വർദ്ധിത ഉത്പന്നങ്ങളായ 100 സംരംഭങ്ങൾ ഇത്തവണ മേളയിൽ പരിചയപ്പെടുത്തും. നെല്ല്, ചെറു ധാന്യങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, തേൻ, പഴവർഗ്ഗങ്ങൾ, കാർഷിക യന്ത്രങ്ങൾ, നടീൽ വസ്തുക്കൾ, വിത്തുകൾ, ആധുനിക കാർഷിക യന്ത്രങ്ങളുടെ ഡെമോൺസ്ട്രേഷൻ, കൃഷി വകുപ്പിന്റെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തൽ എന്നിവയും വൈഗയെ ശ്രദ്ധേയമാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ചെയർമാനുമായി 15 കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. ചീഫ് വിപ്പ് അഡ്വ. കെ. രാജനാണ് വർക്കിംഗ് ചെയർമാൻ. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, എം.പിമാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എന്നിവരാണ് രക്ഷാധികാരികൾ. ജനറൽ കൺവീനറായി അഗ്രികൾച്ചറൽ പ്രൊഡക്‌ഷൻ കമ്മിഷണർ ദേവേന്ദ്രകുമാർ സിംഗിനെയും കൺവീനറായി കൃഷി വകുപ്പ് ഡയറക്ടർ എ.ആർ. അജയകുമാറിനെയും തെരഞ്ഞെടുത്തു. കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ. ചന്ദ്രബാബുവാണ് കോ ജനറൽ കൺവീനർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസാണ് ട്രഷറർ. വൈസ് ചെയർമാൻമാരായി ജില്ലയിലെ എം.എൽ.എമാർ, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരെയും തെരഞ്ഞെടുത്തു.