gvr-devaswon-annadhanam
ക്ഷേത്രം അന്നലക്ഷ്മി ഹാളിൽ ശബരിമല തീർത്ഥാടകർക്കായി ഒരുക്കിയ അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് നിർവ്വഹിക്കുന്നു

ഗുരുവായൂർ: മണ്ഡലകാലം പിറന്നതോടെ ക്ഷേത്ര നഗരിയിലേക്ക് തീർത്ഥാടകപ്രവാഹം. വൃശ്ചികം ഒന്നാം തീയതിയും ഞായറാഴ്ചയും ഒരുമിച്ച് വന്നതോടെ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിന് അഭൂതപൂർവ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ശബരിമലയാത്രയ്ക്ക് മാലയിടുന്നവരുടെയും കെട്ട് നിറയ്ക്കുന്നവരുടെയും തരിക്കായിരുന്നു കൂടുതൽ.

ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്കായി ദേവസ്വം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ക്ഷേത്ര ദർശനത്തിനായി പ്രത്യേക വരി സംവിധാനം ഇന്നലെ മുതൽ നിലവിൽ വന്നു. കിഴക്കെനടയിൽ ജനറൽ ക്യൂവിന് സമീപത്തായാണ് ശബരിമല തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളത്.

അന്യദിക്കിൽ നിന്നുമെത്തുന്ന അയ്യപ്പ ഭക്തർക്ക് ജനറൽ ക്യൂവിൽ നിന്നും ദർശനം നടത്തി മടങ്ങാൻ സമയമെടുക്കും എന്നതിനാലാണ് പ്രത്യേക വരി ഒരുക്കുന്നത്. ക്ഷേത്രനട വൈകിട്ട് ഒരു മണിക്കൂർ നേരത്തെയും തുറക്കാൻ തുടങ്ങി. സാധാരണ ദിവസങ്ങളിൽ വൈകീട്ട് നാലരയ്ക്ക് തുറക്കുന്ന ക്ഷേത്ര നട ശബരിമല തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കുന്നതിനായാണ് വൈകീട്ട് മൂന്നരയ്ക്കാണ് തുറക്കുന്നത്.

ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്കായി വിപുലമായ അന്നദാനവും ഇന്നലെ ആരംഭിച്ചു. രാവിലെ അഞ്ച് മുതൽ ഇഡലി, പൊങ്കൽ, കിച്ചടി, ചായ, ചുക്ക് കാപ്പി എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നിർവ്വഹിച്ചു. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിലാണ് വിപുലമായ അന്നദാനം ഒരുക്കിയിട്ടുള്ളത്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സദ്യ വിളമ്പും. വൈകീട്ട് അഞ്ച് മുതൽ ചപ്പാത്തിയും കറിയും തുടർന്ന് 7.30 മുതൽ കഞ്ഞിയും അയപ്പ ഭക്തർക്കായി ദേവസ്വം തയ്യറാക്കുന്നുണ്ട്.