കൊടുങ്ങല്ലൂർ: വിരണ്ടോടിയ എരുമ വീട്ടുവളപ്പുകളിൽ കയറി പരിഭ്രാന്തി സൃഷ്ടിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. എരുമയുടെ പരാക്രമത്തിൽ ഒരു വീട്ടമ്മ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. അഴീക്കോട് കൈമാതുരുത്തി സുഭാഷ്, പള്ളിപ്പറമ്പിൽ സിറാജ്, പഴൂപറമ്പിൽ ഷിയാസ് എന്നിവർക്ക് എരുമയുടെ നേരിട്ടുള്ള ആക്രമണത്തിലും മറ്റുള്ളവർക്ക് ഓട്ടത്തിനിടെ വീണുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സുഭാഷിന്റെ കൈയൊടിഞ്ഞിട്ടുണ്ട്. കൺട്രോൾ റൂം എസ്.ഐ മാഹീൻകുട്ടിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് എരുമയെ പിടിച്ചുകെട്ടിയത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. എറിയാട്ടെ കശാപ്പുശാലയിൽ അറുക്കാനായെത്തിച്ച എരുമ പുലർച്ചെ കെട്ടഴിഞ്ഞു പോയാണീ പരാക്രമമെല്ലാം കാണിച്ചത്. ഏരുമയുടെ ആക്രമണത്തിൽ പരിക്കേറ്റവരിലൊരാൾ പൊലീസിൽ പരാതി നൽകി..