അന്തിക്കാട്: സ്‌നേഹിത കോളിംഗ് ബെൽ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വി.എസ്. സുനിൽകുമാർ അന്തിക്കാട് ആശുപത്രി റോഡിലുള്ള നമ്പിയത്ത് വാസദേവന്റെ വീട്ടിലെത്തി. പ്രായാധിക്യത്താൽ വിഷമിക്കുന്ന വാസദേവനും, ശരീരം തളർന്ന അവസ്ഥയിലുള്ള ഭാര്യ മനോഹരിയും, ജന്മനാ ശരീരം തളർന്ന ഭിന്ന ശേഷിക്കാരനായ മകൻ നിതിനുമാണ് വീട്ടിലുള്ളത്.
വീടിന്റെ കോളിംഗ് ബെൽ മുഴക്കി വീട്ടിലെത്തിയ മന്ത്രി ഇവർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകാൻ നിർദേശം നൽകി. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന ആശ്രയ പെൻഷൻ മാത്രമാണ് ഈ മൂന്നംഗ കുടുംബത്തിന് ലഭിക്കുന്നത്. ഇത്തരത്തിൽ നിരാംലബരായ ആളുകളെ പഞ്ചായത്തിൽ കണ്ടെത്തി പൊതു അടുക്കള ഉണ്ടാക്കി ഭക്ഷണം എത്തിച്ചു നൽകാനും, ശുശ്രൂഷക്കായി ഹോം നേഴ്‌സിനെ ഏർപ്പാടാക്കാനും മന്ത്രി നിർദേശിച്ചു.
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, വാർഡ് മെമ്പർ ജ്യോതി രാമൻ തുടങ്ങിയവർ പങ്കെടുത്തു